ഗുരുവായൂര്‍: ഗുരുവായൂര്‍ ആനത്താവളത്തിലെ കൊമ്പന്‍ നവനീത് കൃഷ്ണന്‍ തുടര്‍ച്ചയായി ഇടയുന്നു. തിങ്കളാഴ്ച വൈകീട്ട് വെള്ളം കൊടുത്തു തിരികെ തളക്കുവാന്‍ കൊണ്ടു പോകുമ്പോളായിരുന്നു ആന ഇടഞ്ഞത്. ഇടഞ്ഞ കൊമ്പന്‍ ആനത്താവളത്തിന്റെ തെക്കുഭാഗത്തേക്ക് നീങ്ങി. അവിടെ ഉള്ള ചെറിയ കോണ്‍ക്രീറ്റ് പാലത്തിനു മുകളില്‍ നിലയുറപ്പിച്ച കൊമ്പനെ അനുനയിപ്പിച്ച് തളക്കുകയായിരുന്നു. രാവിലേയും ആന ഇടഞ്ഞിരുന്നു. രണ്ടാം പാപ്പാന്‍ സദാശിവനെ ആക്രമിക്കുവാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നവനീത് കൃഷ്ണന്‍ മദപ്പാട്കഴിഞ്ഞ് ഇറങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. മദപ്പാട് സമയത്ത് ഇവന്റെ കാലില്‍ ചങ്ങലപൂണ്ട് പഴുപ്പുണ്ടായത് ഏറെ വിവാദമായിരുന്നു. ഇടക്കിടെ പാപ്പാന്മാരെ മാറ്റുന്നതും ആനയെ പരിചരിക്കുന്നതില്‍ ഉള്ള വീഴ്ചയുമാണ് പലപ്പോഴും ആനകള്‍ ഇടയുന്നതിനു കാരണമാകുന്നതെന്ന് കരുതുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം