
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ചെയർമാൻമാർക്ക് എതിരെയുള്ള അവിശ്വാസ പ്രമേയ ത്തിന്‍റെ വ്യവസ്ഥകളിൽ സർക്കാർ ഭേദഗതി വരുത്തി. അവിശ്വാസ പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖാന്തരം ആയിരിക്കും.
വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്‍റെ പുറകു വശത്ത് പേരും ഒപ്പും രേഖപ്പെടുത്തേണ്ടതാണ് എന്നും ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്ക് എതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയെ തുടർന്ന് നടക്കുന്ന വോട്ടിംഗിന് പ്രത്യേക രീതി ചട്ടങ്ങളിൽ നിര്‍ബ്ബന്ധം ആക്കിയിട്ടില്ല. ഇത് നിരവധി തർക്കങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണം ആവുന്നു.
അത്തരം ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡണ്ട്. വൈസ് പ്രസിഡണ്ട് എന്നിവര്‍ക്ക് എതിരെയുള്ള അവിശ്വാസ പ്രമേയ ത്തിലുള്ള വോട്ടിംഗിൽ അവലംബിച്ചു വരുന്ന തിരഞ്ഞെടുപ്പ് രീതി തന്നെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ കാര്യത്തിലും സ്വീകരിച്ച് നിയമ ഭേദഗതി വരുത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ശുപാർശ പ്രകാരമാണ് സർക്കാർ നടപടി സ്വീകരിച്ചത്.
കൂടാതെ, അവിശ്വാസം പാസ്സാകുന്നതിലൂടെ ഉണ്ടാകുന്ന ചെയർമാന്‍റെ ഒഴിവ് സർക്കാരിനെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും തദ്ദേശ സ്ഥാപനത്തിന്‍റെ അദ്ധ്യക്ഷനെയും സെക്രട്ടറിയെയും യഥാസമയം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അറിയിക്കേണ്ടതാണ് എന്നും ഭേദഗതി വരുത്തി.
ചട്ടഭേദഗതിക്ക് അനുസരിച്ച് നടപടി ക്രമങ്ങളിൽ മാറ്റം വരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
* പബ്ലിക് റിലേഷൻസ്