തൃശ്ശൂര്‍: സംസ്ഥാനത്ത് തീവണ്ടി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. അധികവും ലൈംഗിക ആക്രമണങ്ങളാണ് നടക്കുന്നത്. അധികൃതരുടെ ഭാഗത്തു നിന്നും അക്രമികള്‍ക്കെതിരെ കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ല എന്ന പരാതി വ്യാപകമാകുന്നുണ്ട്.
തിരുവനന്തപുരം – ചെന്നൈ മെയിലില്‍ തിങ്കളാഴ്ച രാത്രി ഒരു സ്ത്രീയെ പീഢിപ്പിക്കുവാന്‍ ശ്രമം നടന്നു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയും ബി. എസ്. എഫ്. ജവാനുമായ സത്യനെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു.
ജനശതാബ്ദി എക്സ്പ്രസ്സില്‍ വച്ച് തൃശ്ശൂര്‍ സ്വദേശിനിയായ ബി. ടെക്. വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാക്രമണത്തിനു ശ്രമിച്ച കോട്ടയം പോലീസ് ക്യാമ്പിലെ ജീവനക്കാരനെ കഴിഞ്ഞ ദിവസം റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അധികൃതര്‍ സംഭവത്തില്‍ നടപടിയെടുക്കുവാന്‍ വിസ്സമ്മതിച്ചെന്നും പിന്നീട് മാധ്യമങ്ങളുടെയും ഡി. വൈ. എഫ്. ഐ. പോലുള്ള യുവജന സംഘടനകളുടേയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയുണ്ടായതെന്നും സൂചനയുണ്ട്.
സ്ത്രീകള്‍ക്ക് നേരെ അപമര്യാദയായി പെരുമാരുന്നവര്‍ക്കെതിരെ പരാതി നല്‍കിയാലും വേണ്ടത്ര ജാഗ്രതയോടെ കേസ് കൈകാര്യം ചെയ്യുവാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാകാത്തത് വലിയ ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കും. ഷൊര്‍ണ്ണൂര്‍ സ്വദേശിനി സൌമ്യയെ ട്രെയിന്‍ യാത്രയ്ക്കിടെ വള്ളത്തോള്‍ നഗറില്‍ വച്ച് അതിക്രൂരമായി ലൈംഗിക പീഢനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേസില്‍ അറസ്റ്റു ചെയ്ത പ്രതി ഗോവിന്ദച്ചാമിയെ കോടതി ശിക്ഷിച്ചു.