പാലക്കാട്: സംസ്ഥാനത്തെ ഉപഭോക്താക്കള്‍ പച്ചക്കറിക്ക് തീ വില നല്‍കുമ്പോള്‍ കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറി വില ലഭിക്കാത്തതിനെയും സംഭരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെയും തുടര്‍ന്ന് കര്‍ഷകര്‍ കുഴിച്ചു മൂടി. വിളവെടുത്ത പാവല്‍, വെള്ളരി, പടവലം തുടങ്ങിയവ ടണ്‍ കണക്കിനാണ് കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ അലംഭാവം കാരണം നശിപ്പിച്ചു കളയേണ്ടി വന്നത്. കണ്ണീരോടെ ആണ് കര്‍ഷകര്‍ തങ്ങള്‍ കഷ്ടപ്പെട്ട് വളര്‍ത്തി വിളവെടുത്ത പച്ചക്കറി ചീഞ്ഞഴുകുവാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കുഴികളിലും തെങ്ങിന്‍ ചുവട്ടിലുമെല്ലാം കുഴിച്ചു മൂടിയത്. സംസ്ഥാനത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും എന്ന് മുഖ്യമന്ത്രിയും കൃഷി മന്ത്രിയും പറയുന്നതല്ലാതെ കര്‍ഷകരില്‍ നിന്നും സമയത്തിനു പച്ചക്കറി സംഭരിക്കുവാനോ വേണ്ട നടപടികള്‍ എടുക്കുന്നില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
നെന്മാറയില്‍ 1300 ഏക്കറോളം പ്രദേശത്താണ് കൃഷി ചെയ്യുന്നത്. ലക്ഷക്കണക്കിനു രൂപ കടമെടുത്ത് ഭൂമി പാട്ടത്തിനെടുത്താണ് നെന്മാറയിലെ പല കര്‍ഷകരും പച്ചക്കറി കൃഷി ചെയ്യുന്നത്. വിപണിയില്‍ 18 രൂപയെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പടവലത്തിനു ഇടത്തട്ടുകാര്‍ രണ്ടു രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. ഹോര്‍ട്ടി കോര്‍പ്പ് തമിഴ്‌നാട്ടില്‍ നിന്നും ടണ്‍ കണക്കിനു പച്ചക്കറിയാണ് സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്നത്. അമിതമായ കീടനാശിനി പ്രയോഗിക്കുന്നതായി ആരോപണമുള്ള തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി വാങ്ങുകയും കേരളത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ അവഗണിക്കുകയും ചെയ്യുന്ന ഹോര്‍ട്ടി കോര്‍പ്പ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നെന്മാറയിലെ കര്‍ഷകരുടെ അനുഭവം മാധ്യമ വാര്‍ത്തയായതിനെ തുടര്‍ന്ന് പച്ചക്കറി സംഭരിക്കുവാന്‍ വേണ്ട നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി, ദുരന്തം, സാമൂഹ്യക്ഷേമം, സാമ്പത്തികം