തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77.16 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്. പലയിടത്തും ഇപ്പോഴും വോട്ടര്‍മാര്‍ ബൂത്തുകളില്‍ കാത്തുനിൽക്കുകയാണ്. ശക്തമായ ത്രികോണപ്പോരാട്ടം കണ്ട നാല് മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നു.
നിലവിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം കണ്ണൂരും, കുറവ് പൊന്നാനിയിലുമാണ്. കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പോളിംഗിനിടെ 9 പേര്‍ കുഴഞ്ഞു വീണു മരിച്ചു. വാശിയേറിയ പ്രചാരണത്തിന്‍റെ ആവേശം വോട്ടെടുപ്പ് ദിനത്തിലും പ്രതിഫലിച്ചപ്പോള്‍ കേരളത്തിലുണ്ടായത് കനത്ത പോളിംഗാണ്. പോളിംഗ് മന്ദഗതിയിൽ നീങ്ങിയതിൽ പലയിടത്തും പ്രതിഷേധമുയര്‍ന്നു. പോളിംഗ് അവസാനിക്കേണ്ട 6 മണിക്കും പല ബൂത്തുകളിലും നൂറിലേറെ പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കാത്തുനിന്നത്.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന വയനാട്, പോളിംഗ് ദിനത്തിലും വിവിഐപിയായി. വൈകീട്ട് മൂന്ന് മണിക്ക് ശേഷം ബത്തേരിയിലും കൽപറ്റയിലും കനത്ത മഴ പെയ്തെങ്കിലും പോളിംഗ് ബൂത്തുകളിലേക്ക് വോട്ടര്‍മാരുടെ ഒഴുക്ക് നിലച്ചില്ല. മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തിൽ വയനാട്ടിലെ മാനന്തവാടി, സുൽത്താന്‍ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലാണ് കൂടുതൽ പോളിംഗ്
രേഖപ്പെടുത്തിയത്.