കോഴിക്കോട് : അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സിനിമാ നടൻ ജഗതി ശ്രീകുമാറിനെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ സന്ദർശിച്ചു. ആശുപത്രി അധികൃതരുമായി ജഗതിയുടെ സുഖ വിവരങ്ങൾ അന്വേഷിച്ച വി. എസ്. ജഗതിയുടെ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ് എന്ന് അറിയിച്ചു.
വിതുര സ്ത്രീ പീഡന കേസിൽ പ്രതിയായിരുന്ന ജഗതി ശ്രീകുമാറിന് ഒരു പൊതു ചടങ്ങിൽ വെച്ച് ചടങ്ങിന്റെ ഭാഗമായി ഖാദി വസ്ത്രം കൈമാറാൻ വി. എസ്. വിസമ്മതിച്ചത് ഏറെ വിവാദമായിരുന്നു. ഖാദിയുടെ പ്രചാരണാർത്ഥം “ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും ഖാദി ഉപയോഗിക്കുക” എന്ന പ്രചാരണ പരിപാടിയുടെ ഉൽഘാടനത്തിനായിരുന്നു അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന വി. എസ്. അച്യുതാനന്ദൻ ജഗതിക്ക് ഖാദി വസ്ത്രം കൈമാറി പരിപാടിയുടെ ഉൽഘാടനം നടത്താൻ വിസമ്മതിച്ചത്. ഈ അപമാനത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം അച്യുതാനന്ദനിൽ നിന്നും സ്വീകരിക്കാൻ ജഗതിയും തയ്യാറായില്ല.
ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം
തന്നെ ജഗതി ശ്രീകുമാർ ഹോട്ടൽ മുറിയിൽ ഓടിച്ചിട്ട് പിടിച്ചാണ് പീഡിപ്പിച്ചത് എന്നാണ് വിതുര കേസിലെ പെൺകുട്ടി പറയുന്നത്. ഏറെ ദുഷ്ടനാണ് അയാൾ എന്ന് ആണയിട്ട് പറയുന്ന പെൺകുട്ടി താൻ ഇയാളുടെ ക്രൂരതകൾക്ക് വിധേയയാകുന്നതിന് മുൻപ് തന്നെ ഇയാളെ സിനിമയിലും ടിവിയിലും ഒക്കെ കണ്ടിട്ടുണ്ട് എന്നും വെളിപ്പെടുത്തുന്നു. എന്നാൽ പ്രതികളെ തിരിച്ചറിയാനുള്ള പരേഡിൽ ഇയാളെ മാത്രം നിർത്തിയിരുന്നില്ല എന്നും പെൺകുട്ടി ഓർമ്മിക്കുന്നു. തന്റെ അടുത്തേക്ക് വന്ന ജഗതിയോട് തന്നെ ഉപദ്രവിക്കരുതേ എന്ന് പെൺകുട്ടി അപേക്ഷിച്ചപ്പോൾ “എന്നും ഒരേ പാത്രത്തിൽ നിന്നും ഉണ്ണാൻ പറ്റുമോ” എന്ന് ഇയാൾ തന്നോട് ചോദിച്ചതായും പെൺകുട്ടി പറയുന്നു. തന്റെ കഥ അന്ന് കേട്ടവരാരും പിന്നീട് ഇയാളുടെ സിനിമ കാണാൻ പോയിട്ടില്ല. ചോദ്യം ചെയ്യലിനിടയിൽ അന്ന് പോലീസ് ജഗതിയോട് തന്റെ മകൾക്ക് എത്ര വയസായി എന്നും പീഡനത്തിന് ഇരയായ പെൺകുട്ടിയെ ചൂണ്ടിക്കാട്ടി ഈ കൊച്ചിന് എത്ര വയസായി എന്നും ചോദിച്ചു. എങ്ങനെ തോന്നിയെടോ എന്ന പോലീസിന്റെ ചോദ്യത്തിന് കോടതിയിൽ കാണാം എന്ന മറുപടി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ഈ സംഭവങ്ങൾ വിവരിക്കുന്ന “അന്യായങ്ങൾ” എന്ന പുസ്തകത്തിൽ സാമൂഹ്യ പ്രവർത്തകയായ പ്രൊഫ. ഗീത വെളിപ്പെടുത്തുന്നു.