കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് ദേശീയ പാതയില്‍ കുപ്പത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് വെയ്‌റ്റിങ്ങ് ഷെഡ്ഡിലേക്ക് പാഞ്ഞു കയറി മൂന്നു വിദ്യാര്‍ത്ഥിനികള്‍ അടക്കം നാലു പേര്‍ മരിച്ചു. സീതി സാഹിബ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളായ റിസ്‌വാന, കെ. എം. ഖദീജ, ടി. കെ. കുഞ്ഞാമിന എന്നിവരും കോഴിക്കോട് കല്ലായി സ്വദേശി ഖാദറുമാണ് (50) മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പയ്യന്നൂര്‍ ഭാഗത്തു നിന്നും വന്ന പി. എന്‍. റോഡ്‌വേയ്സ് ബസ്സ് രാവിലെ പത്തു മണിയോടെ ബസ് സ്റ്റോപ്പില്‍ ആളെ ഇറക്കുകയായിരുന്ന മറ്റൊരു സ്വകാര്യ ബസ്സില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ബസ് കാത്തു നിന്നിരുന്ന ആളുകളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബസിന്റെ അമിത വേഗതയാണ്` അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. രോഷാകുലരായ നാട്ടുകാര്‍ ബസ് തല്ലിത്തകര്‍ത്തു. തുടര്‍ന്ന് പ്രദേശത്ത് ബസ് ഗതാഗതം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തി വെച്ചു. ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് സ്കൂള്‍ അവധി ആയിരുന്നെങ്കിലും സ്പെഷ്യല്‍ ക്ലാസ്സ് ഉണ്ടായിരുന്നതിനാല്‍ അതില്‍ പങ്കെടുക്കുവാന്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ ആണ് അപകടത്തില്‍ പെട്ടത്.



പാലക്കാട്: വീട്ടു വളപ്പില്‍ തളച്ചിരുന്ന മേഘനാഥന്‍ എന്ന ആന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റതിനെ തുടര്‍ന്ന് ചരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രില്‍ പാലക്കാട് ജില്ലയിലെ കോങ്ങാടിനു സമീപം പാറശ്ശേരിയില്‍ ആണ് ഈ ദാരുണമായ സംഭവം നടന്നത്. വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്റെ സര്‍വ്വീസ് വയറില്‍ ആന അറിയാതെ തുമ്പി ചുറ്റിയതാകാം ഷോക്കേല്‍ക്കാന്‍ കാരണം എന്ന് കരുതുന്നു. മരിച്ചു കിടക്കുന്ന ആനയുടെ തുമ്പിയില്‍ വൈദ്യുതി കമ്പി ചുറ്റിപ്പിണഞ്ഞ നിലയില്‍ ആയിരുന്നു. തുമ്പിയില്‍ ഷോക്കേറ്റതിനെ തുടര്‍ന്ന് പൊള്ളല്‍ ഏറ്റിട്ടുണ്ട്.
























