വയനാട് : 40 മണിക്കൂറിലേറെ മരണവുമായി മല്ലിട്ട കാട്ടാന ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചെട്യാലത്തൂരില്‍ വയലില്‍ ചെളിയില്‍ പുതഞ്ഞ് അവശ നിലയില്‍ കാട്ടാനയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും പോലീസും വിദഗ്ദ്ധരായ ഡോക്ടര്‍മാരും സ്ഥലത്ത് എത്തിയിരുന്നു.
മുപ്പതു വയസ്സ് പ്രായം തോന്നുന്ന ലക്ഷണത്തികവുള്ള കൊമ്പനെ കണ്ടെത്തുമ്പോള്‍ അത് എഴുന്നേല്‍ക്കുവാന്‍ പോലും കഴിയാത്ത നിലയില്‍ ആയിരുന്നു. തുടര്‍ന്ന് കോന്നി ആന വളര്‍ത്തല്‍ കേന്ദ്രത്തിലെ മൃഗ സര്‍ജന്‍ ഡോ. വി. സുനില്‍ കുമാര്‍, വയനാട് വന്യജീവി സങ്കേതത്തിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. കെ. ശ്രീവത്സന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആനയ്ക്ക് മരുന്നുകള്‍ നല്‍കുകയും, ആനയെ എഴുന്നേല്പിച്ച് നിര്‍ത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ചെളിയും മഴയും മൂലം ആന കിടക്കുന്ന സ്ഥലം വൃത്തി രഹിതമായിരുന്നു. ഈ നിലയില്‍ കിടത്തിയാല്‍ ആനയുടെ ആരോഗ്യത്തിനു അത് ദോഷകരമാകും എന്നതിനാല്‍ വയറിനു ചുറ്റും കമ്പ കെട്ടി ക്രെയിന്‍ ഉപയോഗിച്ച് ആനയെ മാറ്റുവാന്‍ തീരുമാനിച്ചു. ക്രെയിനിന്റെ സഹായത്തോടെ ആന എഴുന്നേറ്റു നിന്നെങ്കിലും പിന്‍ കാലുകള്‍ക്ക് ബലം ഇല്ലാത്തതിനാല്‍ ശ്രമം പരാജയപ്പെട്ടു. ആനയുടെ ശരീരത്തില്‍ വ്രണങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ പുറകിലെ തുടയെല്ല് പൊട്ടിയിട്ടുള്ളതായും കരുതുന്നു. കാട്ടാന ചളിയില്‍ വീണതറിഞ്ഞ് ധാരാളം ആളുകള്‍ പ്രദേശത്ത് എത്തിയിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം