തടിപിടിക്കുവാന്‍ ആനയെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തളച്ച് പാപ്പാന്മാര്‍ സ്ഥലം കാലിയാക്കിയതോടെ ആനയുടെ പരിചരണം നാട്ടുകാര്‍ ഏറ്റെടുത്തു. പത്തനം തിട്ട വലഞ്ചുഴി വ്യാഴിക്കടവിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആനയുടെ പാപ്പാന്മാര്‍ മുങ്ങിയതിനെ തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെ ആന അവശനായി. അടുത്തു ചെന്നാല്‍ ആന ആക്രമിക്കുമോ എന്ന് ആദ്യം ആരും അടുത്ത് ചെന്നില്ല. എന്നാല്‍ ആനയ്ക്ക് തളര്‍ച്ച കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പനമ്പട്ട നല്‍കി. ആനയുടെ മുന്‍ കാലും പിന്നിലെ കാലും ബന്ധിച്ചിരുന്നു. ഉപദ്രവകാരിയല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ചിലര്‍ അടുത്തു ചെന്ന് ഒരു ചരുവത്തില്‍ ആനയ്ക്ക് വെള്ളം വച്ചു കൊടുത്തു.
ആനയ്ക്കു ചുറ്റും ആളുകള്‍ കൂടിയതോടെ ചിലര്‍ സ്വയം പാപ്പന്‍ സ്ഥാനം ഏറ്റെടുക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഭക്ഷണവും വെള്ളവും അകത്തു ചെന്ന് അത്യാവശ്യം ഊര്‍ജ്ജം കൈവരിച്ച കൊമ്പന്‍ അവരെ വിരട്ടിയോടിച്ചു. വൈകുന്നേരത്തോടെ ഉടമയെത്തി. ഉത്തരവാദിത്വം ഇല്ലാതെ ആനയെ ഉപേക്ഷിച്ചുപോയ പാപ്പാന്മാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ഉടമയോട് ആവശ്യപ്പെട്ടു. ഒടുവില്‍ വേണ്ട നടപടിയെടുക്കാം എന്ന ഉറപ്പിന്മേല്‍ ഉടമ ആനയെ കൊണ്ടുപോയി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം