പാലക്കാട് : ആനയെ പൈതൃക ജീവി ആക്കി പ്രഖ്യാപിച്ച് ആന ഉടമകളുടെ ഉടമസ്ഥാവകാശം ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് കേരള സംസ്ഥാന പൂരം പെരുന്നാള്‍ ഉത്സവ ഏകോപന സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മഹേഷ് രംഗരാജന്റെ നേതൃത്വത്തില്‍ 12 അംഗ പ്രത്യേക അന്വേഷണ സംഘം കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ജയറാം രമേഷിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നാട്ടാനകളുടെ സംരക്ഷണത്തിനായി ഇവയുടെ ഉടമസ്ഥാവകാശം ഉടമകളില്‍ നിന്നും എടുത്തു മാറ്റി കേവലം സംരക്ഷണത്തിന് മാത്രമുള്ള അവകാശം നല്‍കണം എന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ വേണ്ടത്ര പഠനം നടത്താതെയാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നാണു ഉത്സവ കമ്മിറ്റിക്കാരുടെ പരാതി. ആനകളുടെ അഭാവത്തില്‍ ഒരു തൃശൂര്‍ പൂരമോ നെന്മാറ വേലയോ സങ്കല്‍പ്പിക്കാന്‍ പോലും ആവില്ല എന്ന് ഇവര്‍ പറയുന്നു. ക്രിസ്ത്യന്‍, മുസ്ലിം പള്ളികളിലെ ആനകളുടെ ഉപയോഗത്തെയും ഇത് ബാധിക്കും എന്നും കമ്മിറ്റി ചെയര്‍മാന്‍ എം. മാധവന്‍ കുട്ടി, ജന. സെക്രട്ടറി പി. ശശികുമാര്‍ എന്നിവര്‍ പറഞ്ഞു.
കേരളത്തിലെ മത, സാംസ്കാരിക, സാമൂഹ്യ ആചാരങ്ങള്‍ വേണ്ട വണ്ണം പഠിക്കാതെ, തെറ്റായ അനുമാനങ്ങള്‍ നടത്തിയതിന്റെ ഫലമാണ് ഈ റിപ്പോര്‍ട്ട്. ഈ നിയമം നടപ്പിലാക്കിയാല്‍ ഏറ്റവും അത്യാവശ്യമായ ആചാരങ്ങള്‍ക്ക് പോലും ആനകളെ ഉപയോഗിക്കാന്‍ കഴിയാതെ വരും. അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നാട്ടാനകളുടെ അന്ത്യത്തിനും ഇത് കാരണമാവും.
സംരക്ഷണ ചുമതല മാത്രം ആന ഉടമസ്ഥര്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ അവയെ പരിപാലിക്കുന്നതിനും ആനകളുടെ ക്ഷേമത്തിനും ഉള്ള ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം. അല്ലെങ്കില്‍ ആനകളെ വനത്തിലേക്ക് അഴിച്ചു വിടാന്‍ ഉടമസ്ഥര്‍ നിര്‍ബന്ധിതരാവും. നാട്ടാനകളെ സ്വീകരിക്കാന്‍ കാട്ടാനകള്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
കേരളത്തിലും, ഇന്ത്യയിലും പല ദുരാചാരങ്ങളും നിലവില്‍ നിന്നിരുന്നു. ഇതില്‍ പലതും കാലക്രമേണ നിയമ നിര്‍മ്മാണം വഴി തടയുകയും, ഭേദഗതികള്‍ വരുത്തുകയും ചെയ്തതുമാണ്. കാലാകാലങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി ആചാരങ്ങളുടെ പേരില്‍ മനുഷ്യര്‍ അനുഭവിച്ച എത്രയോ ക്രൂരതകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടുണ്ട്. മിണ്ടാപ്രാണികളായ ആനകളെ ഉത്സവത്തിന്റെ (മത നിരപേക്ഷതയെ കരുതി കൃസ്ത്യന്‍ മുസ്ലിം പള്ളികളെയും വിട്ടു കളയുന്നില്ല) പേരില്‍ വേഷം കെട്ടിച്ചു, താളമേളങ്ങളുടെയും വെടിക്കെട്ടിന്റെയും ഭീതിദമായ (നാട്ടില്‍ ആക്രമണം നടത്തുന്ന ആനകളെ പേടിപ്പിച്ച് അകറ്റാന്‍ മനുഷ്യന്‍ ഇപ്പോഴും ഇതേ മേളങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്) ശബ്ദങ്ങളുടെ നടുവില്‍ മണിക്കൂറുകളോളം തളച്ചിടുന്നതിലെ ക്രൂരത ഏതു ആചാരങ്ങളുടെ പേരിലാണെങ്കിലും അനുവദിക്കാന്‍ ആവില്ല എന്നാണ് ഈ വിഷയത്തില്‍ യഥാര്‍ത്ഥ മൃഗ സ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.