
തിരുവനന്തപുരം : കാസര്‍കോട്ടെ ആയിര ക്കണക്കിന് ആളുകളുടെ ജീവിതത്തെ നരക തുല്യമാക്കിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഇന്ത്യയില്‍ നിരോധിക്കണമെന്നും മാനവ രാശിക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ മാരക വിഷത്തിനെതിരെ ജനീവയില്‍ നടക്കുന്ന സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ നിലപാട് എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരത്ത് ഉപവാസ സമരം നടത്തും.
തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിനു സമീപം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് കൂട്ട ഉപവാസം നടത്തുക. രാഷ്ടീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും അടക്കം ഉള്ളവര്‍ എന്‍ഡോസള്‍ഫാന് എതിരെ അണിനിരക്കും. വൈകീട്ട് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദുരന്തം പേറുന്ന ജീവിച്ചിരിക്കുന്ന രക്ഷസാക്ഷികളില്‍ ഒരാളായ കാസര്‍കോട് സ്വദേശിനി ഷാഹിന മുഖ്യമന്ത്രിക്ക് നാരങ്ങാ നീരു നല്‍കി ഉപവാസം അവസാനിപ്പിക്കും.
എന്‍ഡോസള്‍ഫാന് എതിരെ കേരളത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. എന്നാല്‍ തുടക്കം മുതലേ കേന്ദ്ര കൃഷി വകുപ്പ് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുമുള്ള പ്രതിനിധി സംഘം കഴിഞ്ഞ ദിവസം പ്രധാന മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ നിന്നും അനുകൂലമായ ഒരു മറുപടി ലഭിച്ചില്ലെന്ന് മാത്രമല്ല എന്‍ഡോസള്‍ഫാന്റെ ദോഷങ്ങളെ പറ്റി പഠിക്കുവാന്‍ പുതിയ ഒരു സംഘത്തെ കേരളത്തിലേക്ക് അയക്കും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.






വാല്‍പ്പാറ: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വാല്‍പ്പാറയിലെ ഒരു തേയില തോട്ടത്തില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മൂന്നു തൊഴിലാളി സ്തീകള്‍ കൊല്ലപ്പെട്ടു. ഖദീജ (58), ശെല്‍വത്തായ് (51), പരമേശ്വരി (52) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ എട്ട് ആനകള്‍ അടങ്ങുന്ന സംഘം തൊഴിലാളികളുടെ ഇടയിലേക്ക് കടന്നു വരികയായിരുന്നു. കാട്ടാനകളെ കണ്ട് ഭയന്നോടിയ സ്തീകളില്‍ ചിലര്‍ നിലത്തു വീണു. ഇവരെ കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു. കാട്ടാനകളുടെ ചവിട്ടും കുത്തുമേറ്റ ഇവര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ചിതറിയോടിയ തൊഴിലാളികളും മറ്റു ആളുകളും തിരികെ വന്ന് ബഹളം വച്ച് കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.
























