
ന്യൂഡല്‍ഹി : നരക തുല്യമായ ജീവിതം അനുഭവിക്കുന്ന ഒരു ജനതയുടെ ദുരന്തം കണ്ടില്ലെന്ന് നടിച്ചു കൊണ്ട്, സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി, ഏപ്രില്‍ 25ന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന ജൈവ മാലിന്യ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പിന്തുണയ്ക്കേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ പടിയായി ജൈവ മാലിന്യ പുനപരിശോധനാ കമ്മിറ്റിയില്‍ നിന്നും ഇന്ത്യ പിന്മാറി.
എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍ ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ നടത്തിയ പ്രസ്താവന ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ പ്രശ്നം അവതരിപ്പി ച്ചപ്പോഴാണ് പവാര്‍ തന്റെ നിലപാട് വെളിപ്പെടുത്തിയത്.
8000 കോടി രൂപയുടെ ഭൂസ്വത്തിന് ഉടമയായ കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍ തനിക്ക് അനുകൂലമായി സ്വീകരിക്കുന്ന നയങ്ങള്‍ ഇന്ത്യയുടെ നയമാകാന്‍ അനുവദിക്കരുത് എന്ന് ദേശ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ക്രൂരമാണ് എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഈ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ കേന്ദ്രത്തിന് കത്തെഴുതും. എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകള്‍ സ്റ്റോക്ക്‌ഹോം സമ്മേളനത്തിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫോട്ടോ : അബ്ദുള്‍ നാസര്‍




വാല്‍പ്പാറ: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വാല്‍പ്പാറയിലെ ഒരു തേയില തോട്ടത്തില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മൂന്നു തൊഴിലാളി സ്തീകള്‍ കൊല്ലപ്പെട്ടു. ഖദീജ (58), ശെല്‍വത്തായ് (51), പരമേശ്വരി (52) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ എട്ട് ആനകള്‍ അടങ്ങുന്ന സംഘം തൊഴിലാളികളുടെ ഇടയിലേക്ക് കടന്നു വരികയായിരുന്നു. കാട്ടാനകളെ കണ്ട് ഭയന്നോടിയ സ്തീകളില്‍ ചിലര്‍ നിലത്തു വീണു. ഇവരെ കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു. കാട്ടാനകളുടെ ചവിട്ടും കുത്തുമേറ്റ ഇവര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ചിതറിയോടിയ തൊഴിലാളികളും മറ്റു ആളുകളും തിരികെ വന്ന് ബഹളം വച്ച് കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.
കാസര്‍ഗോഡ് : എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ തീരുമാനമായി. ഇന്നലെ കലക്ടറേറ്റില്‍ നടന്ന ജില്ലാ തല ബാങ്കിംഗ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. പ്ലാന്റേഷന്‍ കോര്‍പ്പൊറേയ്ഷന്റെ കശുവണ്ടി തോട്ടങ്ങള്‍ക്ക് സമീപമുള്ള 11 ഗ്രാമ പഞ്ചായത്തുകളിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ നേതൃത്വം ബാങ്കുകള്‍ക്ക് കൈമാറി. വിശദമായ പരിശോധനയ്ക്ക് ശേഷം ഈ ലിസ്റ്റ് സംസ്ഥാന തല ബാങ്കിംഗ് കമ്മിറ്റിക്ക് കൈമാറും.
കണ്ണൂര്‍ : കണ്ണൂരിലെ കണ്ടല്‍ പാര്‍ക്ക് പൂട്ടണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചു കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതെന്നും അവ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാപ്പിനിശ്ശേരിയിലെ ഇക്കോ ടൂറിസം സൊസൈറ്റിയ്ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
























