കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും മുന്‍ മന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ എ. സുജനപാല്‍ (62) അന്തരിച്ചു. ഇന്നു രാവിലെ ഏഴേ മുക്കാലോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. മൃതദേഹം കോഴിക്കോട് ഗോപാലപുരത്തുള്ള വസതിയിലും തുടര്‍ന്ന് ഡി. സി. സി. ഓഫീസ്, കോഴിക്കോട് ടൌണ്‍ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനത്തിനു വെക്കും.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ യായിരുന്നു സുജനപാലിന്റെ രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സിന്റേയും കോണ്‍ഗ്രസ്സിന്റെയും നേതൃ സ്ഥാനങ്ങളിലേക്ക് എത്തിപ്പെട്ടു. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികളില്‍ ഇരുന്നിട്ടുണ്ട്. ഒരു തവണ വനം മന്ത്രിയും രണ്ടു തവണ എം. എല്‍. എ. യുമായിരുന്നിട്ടുള്ള സുജനപാല്‍ 1991-ല്‍ കോഴിക്കോട്-1 മണ്ഡലത്തില്‍ നിന്നുമാണ് നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2001-ല്‍ ഇതേ മണ്ഡലം നില നിര്‍ത്തി. അന്നത്തെ യു. ഡി. എഫ്. മന്ത്രി സഭയില്‍ വനം പരിസ്ഥിതി മന്ത്രിയായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിരുന്നു. കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിനായി പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. “മരണം കാത്തു കിടക്കുന്ന കണ്ടല്‍ കാടുകള്‍” എന്ന പേരില്‍ ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഇതു കൂടാതെ “കറുത്ത ബ്രിട്ടണ്”, “യുദ്ധ സ്മാരകങ്ങളിലൂടെ” തുടങ്ങി നിരവധി യാത്രാ വിവരണങ്ങളും ഇദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. ധാരാളം യാത്രകള്‍ നടത്തിയിരുന്ന സുജനപാല്‍ പ്രമുഖ സഞ്ചാര സാഹിത്യകാരനായിരുന്ന എസ്. കെ. പൊറ്റേക്കാടിന്റെ സ്മരണാര്‍ഥം കോഴിക്കോട് ഒരു സാംസ്കാരിക കേന്ദ്രം ഒരുക്കുന്നതിനായി പ്രയത്നിച്ചിരുന്നു.
സ്വാതന്ത്ര്യ സേനാനിയും മുന്‍ എം. എല്‍. എ. യുമായ എ. ബാലഗോപാലിന്റേയും ആനന്ദ ലക്ഷ്മിയുടെയും മകനാണ് സുജനപാല്‍. ജയശ്രീയാണ് ഭാര്യ. അമൃത സുജനപാല്‍, മനു ഗോപാല്‍ എന്നിവര്‍ മക്കളാണ്.രാഷ്ടീയ – സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോഴിക്കോട് നഗരത്തിലെ നിറ സാന്നിധ്യമായിരുന്നു സുജനപാല്‍. ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ സമൂഹത്തിന്റെ വിവിധ തുറയില്‍ നിന്നുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം, പരിസ്ഥിതി