തിരുവല്ല: ഇടഞ്ഞ ആനയെ തളക്കുവാന്‍ ശ്രമിക്കുന്നതിനിടെ മയക്കുവെടി വിദഗ്ദനായ ഡോക്ടര്‍ സി.ഗോപകുമാര്‍ (47) ആനയുടെ കുത്തും ചവിട്ടുമേറ്റ് മരിച്ചു. പത്തനംതിട്ടയിലെ പെരുമ്പട്ടിയില്‍ ഞായറാഴ്ച രാവിലെ ആണ് സംഭവം. കോട്ടാങ്ങല്‍ ഗംഗാപ്രസാദ് എന്ന ആനയാണ് ഡോ.ഗോപകുമാറിനെ കുത്തിയത്. പരിക്കേറ്റ ഡോക്ടറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. ചെമ്മരപ്പള്ളില്‍ രഘുനാഥന്റെ ഉടമസ്ഥതയില്‍ ഉള്ള ആനയാണ് കോട്ടാങ്ങല്‍ ഗംഗാപ്രസാദ്. ഡോക്ടര്‍ സി.ഗോപകുമാര്‍ ആണ് ഈ ആനയെ ചികിത്സിച്ചിരുന്നത്. ആനയിടഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും അദ്ദേഹത്തെ വിളിച്ചു വരുത്തുകയായിരുന്നു.
രാവിലെ വായ്പൂര്‍ മഹാദേവന്‍ ക്ഷേത്രത്തിനു സമീപം ആറാട്ടുകടവില്‍ കുളിപ്പിക്കുന്നതിനിടയിലാണ് ആന ഇടഞ്ഞത്. തുടര്‍ന്ന് ചെട്ടിമുക്ക്, കുളത്തൂര്‍മൂഴി വഴി ഓടി വായ്പൂര്‍ ചന്തക്ക് സമീപം എത്തി. ഈ സമയം അവിടെ എത്തിയ ഡോക്ടര്‍ ആനയെ മയക്കുവെടിവച്ചു. എന്നാല്‍ ആന മയങ്ങിയില്ല. തുടര്‍ന്ന് തോട്ടത്തിലേക്ക് കയറിയ ആന ഒരു പശുവിനെ കുത്തിപരിക്കേല്പിച്ചു. ഈ സമയം ഡോക്ടര്‍ ആനയെ പിന്തുടര്‍ന്ന് വെടിവെക്കുവാന്‍ ശ്രമിക്കുകയായിരുന്നു. പാലത്താനം ബിമല്‍ മോഹന്റെ പുരയിടത്തിനു സമീപം വച്ച് ഡോകടര്‍ വീണ്ടും ആനയെ മയക്കുവെടിവാകു. വെടികൊണ്ട ആന പെട്ടെന്ന് പിന്തിരിഞ്ഞ് ഡോക്ടറെ ആക്രമിക്കുവാന്‍ ഒരുങ്ങി. ചുറ്റും തടിച്ചു കൂടിയ ജനക്കൂട്ടത്തിന്റെ ബഹളത്തിനിടയില്‍ ഒരു നിമിഷം ശ്രദ്ധതെറ്റി ഡോക്ടര്‍ താഴെ വീഴുകയായിരുന്നു. തുടര്‍ന്ന് പാഞ്ഞടുത്ത ആന ഡോക്ടറെ ആക്രമിച്ചു. ആനയുടെ ചവിട്ടും കുത്തുമേറ്റ് കിടന്ന ഡോക്ടറുടെ അടുത്തു നിന്നും ആന മാറാതെ നിന്നു. പാപ്പന്മാരും എലിഫെന്റ് സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ആനയെ സംഭവ സ്ഥലത്തുനിന്നും മാറ്റി. തുടര്‍ന്ന് വടം ഉപയോഗിച്ച് ആനയെ തളച്ചു.
കരുനാഗപ്പള്ളി കുലങ്ങര കാക്കനവീട്ടില്‍ പരേതനായ ചന്ദ്രശേഖരന്‍ നായരുടെ മകനാണ് ഡോക്ടര്‍ ഗോപകുമാര്‍.മല്ലപ്പള്ളി ഗവ.വെറ്റിനറി ആശുപത്രിയിലെ സര്‍ജനും ജില്ലയിലെ എലിഫന്റ് സ്‌ക്വാഡ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു ഡോക്ടര്‍ സി.ഗോപകുമാര്‍. ആനചികിത്സയുമായി ബന്ധപ്പെട്ട് ഇന്ത്യക്കകത്തും പുറത്തും ഏറെ പ്രശസ്തനാണ് അദ്ദേഹം. ഡോ.ബിന്ദു ലക്ഷ്മി (തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജ്). മകള്‍ ഗോപിക (പ്ലസ്റ്റു വിദ്യാര്‍ഥിനി).
മയക്കുവെടിയേറ്റ ഉടനെ ആനകള്‍ പ്രകോപിതരാകുകയും ആക്രമണകാരിയാകുകയും ചെയ്യുന്ന പതിവുണ്ട്. 2006-ല്‍ ഇത്തരത്തില്‍ മയക്കുവെടിയേറ്റ ആനയെ പിന്തുടരുന്നതിനിടയില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഡോക്ടര്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടിരുന്നു. ആനയിടയുമ്പോള്‍ തടിച്ചു കൂടുന്ന ജനങ്ങള്‍ പലപ്പോഴും ആനയെ തളക്കുന്നതിനു പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. പെരുമ്പട്ടിയിലും തടിച്ചുകൂടിയ ജനം ആനയെ കൂടുതല്‍ പ്രകോപിതനാക്കുകയായിരുന്നു.