ന്യൂഡെല്‍ഹി: ഡോക്ടറായി പ്രാക്ടീസ് ചെയ്യുവാന്‍ വിദേശത്തു നിന്നും മെഡിക്കല്‍ ബിരുധം നേടിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ
പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ പോയിലിശ്ശേരി നാലകത്ത് വീട്ടില്‍ ഷുഹൈബ് ഖാദര്‍ (31) ആണ് അറസ്റ്റിലായത്. 2008-ല്‍ താജിക്കിസ്ഥാനില്‍ നിന്നും മെഡിക്കല്‍ ബിരുധം നേടിയ ഷുഹൈബ് ഡെല്‍ഹിയിലെ കന്റോണ്‍മെന്റ് കേന്ദ്രീയ വിദ്യാലയത്തില്‍ ഞായറാഴ്ച നടന്ന യോഗ്യതാ പരീക്ഷയായ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷന്‍ സ്ക്രീനിങ്ങ് ടെസ്റ്റില്‍ ആള്‍മാറാട്ടം നടത്തുകയായിരുന്നു. നേരത്തെ നാലു തവണ ഇതേ പരീക്ഷ എഴുതിയെങ്കിലും ഇയാള്‍ പരാജയപ്പെടുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി പരീക്ഷയെഴുതുവാന്‍ ഹാജരായ ബീഹാര്‍ സ്വദേശി ഡോ.രാജേഷ് കുമാര്‍ ഗുപ്തയും അറസ്റ്റിലായിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് രണ്ടര ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. പിടിക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ ഈ ആള്‍മാറാട്ടം നടത്തി പരീക്ഷ പാസാകുകയും ചെയ്തിരുന്നു എങ്കില്‍ ഷുഹൈബിന് ഡോക്ടറായി പ്രാക്ടീസ് ചെയ്യുവാന്‍ ഒരു പക്ഷെ അവസരം ഉണ്ടായേനെ.