- എസ്. കുമാര്‍
വായിക്കുക: രോഗം, വൈദ്യശാസ്ത്രം, സാമൂഹ്യക്ഷേമം
തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ഇതു സംബന്ധിച്ചു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ. ജി. എം. ഒ. എ.) സര്‍ക്കാരിനു നോട്ടീസ് നല്‍കി. സമരത്തിനു മുന്നോടിയായി ഈ മാസം 12 മുതല്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തി വെയ്ക്കും.
11-ന് കെ. ജി. എം. ഒ. എ. യെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 27 മുതല്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തി വരികയായിരുന്നു. നേരത്തേ സര്‍ക്കാരുമായി കെ. ജി. എം. ഒ. എ. നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഒരു മാസത്തിനകം ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഒരു മാസം അവസാനിച്ചു. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു പോവാന്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് തീരുമാനിച്ചതെന്ന് കെ. ജി. എം. ഒ. എ. സംസ്ഥാന പ്രസിഡന്റ് ഡോ. എസ് പ്രമീളാ ദേവി അറിയിച്ചു.
സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് നീങ്ങിയാല്‍ ജനങ്ങള്‍ വലയും. ഈ മാസം 19 മുതല്‍ അനിശ്ചിത കാല സമരത്തിന് ഡോക്ടര്‍മാരുടെ സംഘടന ആഹ്വാനം ചെയ്തു കഴിഞ്ഞു.
ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടു മുന്‍കാലങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം.
-
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, വൈദ്യശാസ്ത്രം
തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന ഫലം പ്രഖ്യാപിച്ചു. മലപ്പുറം മറ്റത്തൂര്‍ സ്വദേശി വി. ഇര്‍ഫാന്‍ ഒന്നാം റാങ്കും, കൊല്ല വടക്കേവിള സ്വദേശി എം. ഷമ്മി രണ്ടാം റാങ്കും, എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയായ പി. അഷിത മൂന്നാം റാങ്കും നേടി, ആദ്യ പത്ത് റാങ്കില്‍ ആണ്‍കുട്ടികള്‍ ഏഴെണ്ണം കരസ്ഥമാക്കി. പട്ടിക ജാതി വിഭാഗത്തില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശി കൃഷ്ണ മോഹന്‍ ഒന്നാം റാങ്കും കല്ലുവാതുക്കല്‍ സ്വദേശി ശ്യാം രണ്ടാം റാങ്കും നേടി. പട്ടിക വര്‍ഗം വിഭാഗത്തില്‍ വയനാട് മുണ്ടേരി സ്വദേശിനി ഗീതു ദിവാകര്‍ ഒന്നാം റാങ്കും എറണാകുളം കുമ്മനോട് സ്വദേശിനി സ്നേഹ ജോണി രണ്ടാം റാങ്കും നേടി. 77,335 പേര്‍ പരീക്ഷ എഴുതിയതില്‍ 64,814 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്പെട്ടു. ഇതില്‍ 20,373 ആണ്‍കുട്ടികളും 44,441 പെണ്‍കുട്ടികളുമാണ്.
മെഡിക്കല്‍ പ്രവേശനത്തിന്റെ റാങ്ക് മാത്രമാണ് പ്രഖ്യാപിച്ചത്. പ്ലസ്ടു മാര്‍ക്ക് കൂടി പരിഗണിക്കേണ്ടതിനാല്‍ എഞ്ചിനീയറിംഗ് പ്രവേശന ഫലത്തിന്റെ സ്കോര്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. 1,01,905 പേരാണ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയത്. ഇതില്‍ 65632 പേര്‍ പ്രവേശന യോഗ്യത നേടി. 33,653 ആണ്‍കുട്ടികളും 31979 പെണ്‍കുട്ടികളുമാണ്. വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ റബ്ബാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.
- ഫൈസല്‍ ബാവ
വായിക്കുക: വിദ്യാഭ്യാസം, വൈദ്യശാസ്ത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പ്രസവങ്ങളില്‍ സിസേറിയന്‍ വര്‍ദ്ധിച്ചുവരുന്നത് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പ്രസവ ശസ്‌ത്രക്രിയകള്‍ക്ക് ഇനി ഓഡിറ്റിംഗ് ഏര്‍പ്പെടുത്തും.
സാധാരണ പ്രസവം തങ്ങളുടെ അവകാശമാണെന്ന് ഗര്‍ഭിണികളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ഇത് എങ്ങനെ പ്രാവര്‍ത്തികം ആക്കാം എന്നതിനെ കുറിച്ച് ഗര്‍ഭിണിക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ അറിവുകള്‍ നല്‍കണം. സുഖ പ്രസവത്തിന് വേണ്ടിയുള്ള വ്യായാമമുറകള്‍, പ്രസവ വേദന, പ്രസവസംബന്ധമായ മറ്റു കാര്യങ്ങള്‍ എന്നിവയിലെല്ലാം ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കണം.
അത്യാവശ്യ ഘട്ടത്തില്‍ മാത്രമെ സിസേറിയനെ ആശ്രയിക്കാവൂ. സാധാരണ പ്രസവത്തെക്കാള്‍ സിസേറിയനാണ് സുരക്ഷിതമെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. ഒരു മേജര്‍ ശസ്ത്രക്രിയയായ സിസേറിയനില്‍ സങ്കീര്‍ണതകള്‍ ഏറെയുണ്ട്. സിസേറിയന്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ വിദഗ്ദ്ധാഭിപ്രായം കണക്കിലെടുത്ത് മാത്രമേ സിസേറിയന്‍ വേണമോയെന്ന് തീരുമാനിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗികളുടെ കേസ് റിക്കോര്‍ഡുകള്‍ എല്ലാ ആശുപത്രികളിലും സൂക്ഷിക്കണം. സങ്കീര്‍ണമായ ഗര്‍ഭാവസ്‌ഥയുടേയും ശസ്‌ത്രക്രിയയിലൂടെ അടക്കമുള്ള പ്രസവങ്ങളുടെയും പ്രതിമാസ ക്ലിനിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രികളില്‍ തയാറാക്കണം. ഇത് എല്ലാ മാസവും ആദ്യ പ്രവൃത്തി ദിനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അയക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഗര്‍ഭിണിക്ക് മനോധൈര്യം പകരാന്‍ പ്രസവത്തിന്റെ ആദ്യഘട്ടത്തില്‍ പ്രസവമുറിയില്‍ ബന്ധുവായ സ്‌ത്രീയെക്കൂടി നില്‍ക്കാന്‍ അനുവദിക്കണമെന്നും മാര്‍ഗനിര്‍ദേശമുണ്ട്
- ലിജി അരുണ്‍
വായിക്കുക: ആരോഗ്യം, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സാമൂഹ്യക്ഷേമം, സ്ത്രീ
കോഴിക്കോട് : ഇന്റര്‍നെറ്റ്, ഫേസ്ബുക്ക് എന്നിവയുടെ സാദ്ധ്യതകള്‍ ലോകം ഫലപ്രദമായി ഉപയോഗിക്കുന്നത് നാം ടുണീഷ്യയിലും, ഇറാനിലും, ഈജിപ്റ്റിലും കണ്ടു. മുല്ല വിപ്ലവത്തിന്റെ വിത്തുകള്‍ ആദ്യമായി പാകിയത് ഇന്റര്‍നെറ്റിലെ വെബ് സൈറ്റുകളില്‍ ആയിരുന്നു. സ്വേച്ഛാധിപത്യത്തിനെതിരെ ജനം ആഞ്ഞടിക്കുമ്പോള്‍ അവര്‍ക്ക് സംഘടിതരാകാനും ആഗോള പിന്തുണ സംഭരിക്കാനും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ കരുത്തേകി.
ഇത്തരം സാദ്ധ്യതകളുടെ മറ്റൊരു ആശാവഹമായ മുഖമാണ് പൂര്‍ണ്ണിമയുടെ കാര്യത്തിലും കണ്ടത്. ബസ് തട്ടി നട്ടെല്ല് തകര്‍ന്നു കിടപ്പിലായ പൂര്‍ണ്ണിമ ഏറെ നാള്‍ ശ്വാസം കഴിച്ചത് വെന്റിലേറ്ററിന്റെ സഹായത്താല്‍ ആയിരുന്നു. വിദ്യാര്‍ത്ഥിനിയായ പൂര്‍ണിമ ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയാണ് ഒരു ബസിന്റെ ലഗേജ് കമ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്നിരുന്നത് പൂര്‍ണ്ണിമയുടെ കഴുത്തില്‍ തട്ടി നട്ടെല്ലിന് ക്ഷതം സംഭവിച്ചത്.
ശ്വാസം കഴിക്കാനുള്ള ശേഷി നഷ്ടപ്പെട്ട പൂര്‍ണ്ണിമയെ രണ്ടു തവണ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. കൃത്രിമമായി ശ്വാസം കഴിക്കാനുള്ള ഉപകരണമായ ഡയഫ്രമാറ്റിക് പേസ് മേക്കര്‍ ഘടിപ്പിക്കുക എന്നതാണ് പൂര്‍ണ്ണിമയ്ക്ക് വെന്റിലേറ്ററിന്റെ സഹായം ഇല്ലാതെ ശ്വാസം കഴിക്കുവാനുള്ള പോംവഴി എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍ ഇതിനുള്ള ഭീമമായ ചെലവ് താങ്ങാന്‍ പൂര്‍ണ്ണിമയുടെ മാതാ പിതാക്കള്‍ക്ക് കഴിവില്ലായിരുന്നു.
ഈ വിവരം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് മുന്‍പില്‍ ഈമെയില്‍ വഴിയും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ വഴിയും രണ്ടു സുഹൃത്തുക്കള്‍ തയ്യാറാക്കിയ ഫേസ്ബുക്ക് പേജ് വഴിയും എത്തിയതോടെ ലോകമെമ്പാടുമുള്ള സഹൃദയര്‍ പൂര്‍ണ്ണിമയുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി.
പലരും ഈ കുടുംബത്തെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടും തങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും അറിയിക്കുകയുണ്ടായി എന്ന് പൂര്‍ണ്ണിമയുടെ അമ്മ പ്രസന്ന കുമാരി പറയുന്നു.
അപകടം സംഭവിച്ചു നാല്‍പ്പതോളം ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി കഴിഞ്ഞ ദിവസം പൂര്‍ണ്ണിമ ഏതാനും മണിക്കൂര്‍ സ്വന്തമായി ശ്വാസം കഴിച്ചു. ഇതൊരു ശുഭ സൂചനയാണ് എന്നാണ് പൂര്‍ണ്ണിമയെ ചികില്‍സിക്കുന്ന മിംസ് (Malabar Institute of Medical Sciences – MIMS) ലെ ഡോക്ടറായ ഡോ. ശങ്കര്‍ പറയുന്നത് എന്നും പൂര്‍ണ്ണിമയുടെ അമ്മ പറഞ്ഞു.
ശ്വസനത്തിന് ആവശ്യമായ ഞരമ്പുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. അങ്ങനെയാണെങ്കില്‍ സ്വന്തമായി ശ്വസിക്കാനുള്ള ശേഷി വീണ്ടെടുക്കാന്‍ പൂര്‍ണ്ണിമയ്ക്ക് കഴിയുവാന്‍ സാദ്ധ്യതയുണ്ട് എന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. ഇതിനായുള്ള പ്രാര്‍ഥനയിലാണ് ഈ കുടുംബം ഇപ്പോള്‍. ഈ പ്രാര്‍ത്ഥനയില്‍ ലോകമെമ്പാടും നിന്നുമുള്ള സഹൃദയരോടൊപ്പം ഇവരെ ആശ്വസിപ്പിച്ച e പത്രം വായനക്കാരും പങ്കു ചേരുന്നു.
- ജെ.എസ്.
വായിക്കുക: അപകടം, നന്മ, വൈദ്യശാസ്ത്രം