തിരുവനന്തപുരം : രോഗം തളര്‍ത്താത്ത ഇഛാ ശക്തിയുടേയും, പ്രതികൂല സാഹചര്യങ്ങളിലെ അചഞ്ചലമായ നിശ്ചയ ദാര്‍ഢ്യത്തിന്റേയും നേര്‍രൂപമായ കവയത്രി രമ്യാ ആന്റണിക്ക് ഓര്‍ക്കുട്ടിലെ സൗഹൃദ ക്കൂട്ടായ്മ “ഫ്രണ്ട്സ് ഓഫ് രമ്യ” യുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ബ്ലോഗില്‍ പലപ്പോഴായി കുറിച്ച കവിത കളിലൂടെയാണ് കൂട്ടുകാര്‍ രമ്യയിലേ ക്കെത്തിയത് . ‘REMYAM – The festival of Togetherness Teamwork and Harmony’ – നിയമ പാര്‍ലമന്ററി കാര്യ വകുപ്പു മന്ത്രി എം. വിജയ കുമാര്‍ ഉദ്‌ഘാടനം ചെയ്തു.
“ഫ്രണ്ട്സ് ഓഫ് രമ്യ” സമാഹരിച്ച ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും സ്ക്കൂട്ടറും അദ്ദേഹം രമ്യക്കു സമ്മാനിച്ചു. പ്രൊഫസര്‍ ബി. ഹൃദയ കുമാരി ടീച്ചറും, ശില്‍പ്പി കാനായി കുഞ്ഞിരാമനും ചേര്‍ന്ന് ലാപ്പ് ടോപ്പും, കവി പ്രൊഫസര്‍ ഡി. വിനയ ചന്ദ്രന്‍ പേനയും, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹനന്‍ വാഹന രേഖകളും, ഇ. എം. രാധ ഹെല്‍മറ്റും, രാധാ ലക്ഷ്മി പദ്‌മരാജന്‍ മഴക്കോട്ടും സമ്മാനിച്ചു. രമ്യയുടെ കവിതകള്‍ക്ക് തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ കൂട്ടുകാര്‍ തീര്‍ത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും, രമ്യയുടെ പുതു കവിതകളുടെ സമാഹാരം ‘സ്പര്‍ശ’ ത്തിന്റെ കവര്‍ പേജ് പ്രകാശനവും അനുബന്ധമായി നടന്നു.
"ഫ്രണ്ട്സ് ഓഫ് രമ്യ" നല്‍കിയ സ്കൂട്ടര്‍ മന്ത്രി എം. വിജയകുമാര്‍ രമ്യക്ക് കൈമാറുന്നു
മൂന്നാം ക്ലാസ്സു മുതല്‍ തിരുവനന്തപുരത്തെ പോളിയോ ഹോമില്‍ താമസിച്ചു പഠിച്ച രമ്യ, ഫസ്റ്റ് ക്ലാസോടെ എസ്. എസ്. എല്‍. സി. പാസ്സായി. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്പ്ലിക്കേഷനിലും, ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലും ഉയര്‍ന്ന മാര്‍ക്കു നേടി. തിരുവനന്തപുരം ലീലാ കെംപിന്‍സ്കി ഹോട്ടലില്‍ അസിസ്റ്റന്റ് ലൈബ്രേറിയനായി ജോലി ചെയ്യവേ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (തിരുവനന്തപുരം) പ്രവേശിപ്പിക്കപ്പെട്ടു. നിലവില്‍ കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്നു.
"ഫ്രണ്ട്സ് ഓഫ് രമ്യ" സമാഹരിച്ച ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകള്‍ മന്ത്രി എം. വിജയകുമാര്‍ രമ്യക്കു സമ്മാനിക്കുന്നു
ദേവകി വാര്യര്‍ സ്മാരക സ്ത്രീ പഠന കേന്ദ്രം സെക്രട്ടറി ടി. രാധാമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ കെ. ജി. സൂരജ് (കണ്‍വീനര്‍ – ഫ്രണ്ട്സ് ഓഫ് രമ്യ) സ്വാഗതവും, സന്തോഷ് വില്‍സൺ മാസ്റ്റര്‍ (ചെയര്‍മാന്‍ – ഫ്രണ്ട്സ് ഓഫ് രമ്യ) നന്ദിയും പറഞ്ഞു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ കൂട്ടുകാര്‍ , ഡോ. സി. പിന്റോ അനുസ്‌മരണ സമിതി, സിന്റ്രിയോ ടെക്നോളജീസ്, വൈഗ ന്യൂസ്, കാവല്‍ കൈരളി മാസിക, ഇന്ത്യന്‍ റൂമിനേഷന്‍സ് ഡോട്ട് കോം, ശ്രുതിലയം ഓര്‍ക്കുട്ട് കൂട്ടായ്മ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി സജീവമായി പ്രവര്‍ത്തിക്കാന്‍ രമ്യ ആഹ്വാനം ചെയ്തു. രമ്യയുടെ നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് ശ്രദ്ധ എന്ന കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരിപാടികള്‍ക്ക് ജോഷി കെ. സി., ഷാന്റോ ആന്റണി, അഷ്‌ക്കര്‍ കതിരൂര്‍ , അനില്‍ കുര്യാത്തി, തുഷാര്‍ പ്രതാപ്, സന്ധ്യ എസ്. എന്., സുമ തോമസ് തരകന്‍, അനില്‍കുമാര്‍ കെ. എ., എസ്. കലേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
കൂട്ടുകാരുടെ നേതൃത്വത്തില്‍ രമ്യയുടെ കവിതകളുടെ ഓഡിയോ രൂപം, ജീവിത രേഖകള്‍ ചിത്രീകരിക്കുന്ന ഡോക്കുമന്ററി എന്നിവയുടെ പിന്നൊരുക്കങ്ങള്‍ നടന്നു വരുന്നു.