പാലക്കാട്: ജന നായകന്‍ വി. എസ്. അച്യുതാനന്ദന്‍ തന്നെ എന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചു കൊണ്ട് പാലക്കാട് ആയിരങ്ങളുടെ ആവേശോജ്ജ്വലമായ വരവേല്പ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു ശേഷം മലമ്പുഴ മണ്ഡലം ഉള്‍പ്പെടുന്ന പാലക്കാട്ടേക്ക് ആദ്യമായി എത്തിയതായിരുന്നു വി. എസ്. റെയില്‍വേ സ്റ്റേഷനില്‍ രാവിലെ എട്ടു മണിയോടെ വന്നിറങ്ങിയ അച്യുതാനന്ദന് ചുറ്റും ആരാധകരും അണികളും കൂട്ടം കൂടി. പൂമാലയിട്ടും പൂക്കള്‍ വിതറിയും അവര്‍ നേതാവിനെ വരവേറ്റു. പ്ലക്കാഡുകള്‍ ഏന്തിയ പ്രവര്‍ത്തകരുടെ ആവേശ്വോജ്ജ്വലമായ മുദ്രാവാക്യം വിളികളാല്‍ റെയില്‍വേ സ്റ്റേഷനും പരിസരവും മുഖരിതമായി. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പ്രവര്‍ത്തകരോട് ഏതാനും വാക്കുകള്‍ സംസാരിച്ച വി. എസ്. കാറില്‍ കയറി യാത്രയായി.
പിന്നീട് ടൌണ്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അച്യുതാനന്ദന്റെ പതിവു ശൈലിയില്‍ ഉള്ള പ്രസംഗം. എതിരാളിക ള്‍ക്കെതിരെ ശക്തമായ ഭാഷയാണ് വി. എസ്. പ്രയോഗിച്ചത്. ബാലകൃഷ്ണ പിള്ളയും, കുഞ്ഞാലി ക്കുട്ടിയും, ഉമ്മന്‍ ചാണ്ടിയും ഒളിഞ്ഞും തെളിഞ്ഞും പ്രസംഗത്തില്‍ കടന്നു വന്നു. ഈ സര്‍ക്കാര്‍ തുടങ്ങി വെച്ച ക്ഷേമ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും, പെണ്‍വാണിഭ ക്കാരെയും അഴിമതി ക്കാരെയും തുറുങ്കിലടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഈ യജ്ഞം പൂര്‍ത്തിയാക്കുവാന്‍ ഇടതു മുന്നണിയെ വീണ്ടും അധികാരത്തില്‍ എത്തിക്കണമെന്നും വി. എസ്. പറഞ്ഞു.
വി. എസിന്റെ സ്ഥാനാര്‍ഥി ത്വവുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചകളിലും വിവാദങ്ങളിലും പലപ്പോഴും ഒളിയമ്പുകള്‍ എറിയാറുള്ള ശിവദാസ മേനോന്‍ പക്ഷെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തില്‍ വരുത്തിയ പ്രകടമായ മാറ്റം ശ്രദ്ധേയമായി. അഭിനന്ദനങ്ങളും പുകഴ്ത്തലുകളും നിറഞ്ഞ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇടതു മുന്നണി സര്‍ക്കാരിനെ വി. എസ്. നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു ഇടതു മുന്നണി നേതാവിനും ലഭിക്കാത്ത പൊതുജന സമ്മതിയും സ്വീകരണവുമാണ് വി. എസിനു സംസ്ഥാന ത്തുടനീളം ലഭിച്ചു കൊണ്ടിരിക്കുന്നത്. വി. എസിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളും തുടര്‍ന്ന് സംസ്ഥാനത്തുടനീളം നടന്ന പ്രകടനങ്ങളും കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടു.