കോട്ടയം: സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞെങ്കിലും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മാണിഗ്രൂപ്പില്‍ ശക്തമാകുന്നു. സീറ്റു വിഭനത്തെ തുടര്‍ന്ന് പതിനഞ്ചു സീറ്റുകളാണ് മാണിഗ്രൂപ്പിനു യു.ഡി.എഫ് നല്‍കിയിട്ടുള്ളത്. ഇതില്‍ മാണിഗ്രൂപ്പിലേക്ക് ലയിച്ച കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പില്‍ പെട്ടവര്‍ക്കും സീറ്റു നല്‍കേണ്ടിവന്നു. ജോസഫിനെ മത്സരരംഗത്തിറക്കുന്നതിനെതിരെ യൂത്ത് കോണ്ഗ്രസ്സുകാര് പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. ഇത് ഒരവസരത്തില്‍ യൂത്ത് കോണ്‍ഗ്രസ്സുകാരും മാണിഗ്രൂപ്പിലെ പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടുന്ന അവസ്ഥവരെ ഉണ്ടാക്കി.
സിറ്റിങ്ങ് എം.എല്‍.എ മാരില്‍ കല്ലൂപ്പാറ എം.എല്‍.എ ആയ ജോസഫ് എം.പുതുശ്ശേരിക്കൊഴികെ മറ്റെല്ലാവര്‍ക്കും മത്സരിക്കുവാന്‍ അവസരം നല്‍കിയതോടെ പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തു. തനിക്ക് സീറ്റു നിഷേധിച്ചതിനെതിരെ പരസ്യ പ്രസ്ഥാവനയുമായി പുതുശ്ശേരി രംഗത്തെത്തി. മാണിതന്നോട് കാണിച്ചത് കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡല പുനര്‍ നിര്‍ണ്ണയത്തെ തുടര്‍ന്ന് കല്ലൂപ്പാറ മണ്ഡലം ഇല്ലാതായി. പകരം തിരുവല്ല പുതുശ്ശേരിക്ക് നല്‍കും എന്നൊരു സൂചന ആദ്യമുണ്ടായിരുന്നെങ്കിലും പിന്നീട് പുതുശ്ശേരിയെ തഴഞ്ഞ് വിക്ടര്‍.ടി.തോമസിനു മത്സരിക്കുവാന്‍ അവസരം നല്‍കുകയായിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തുടക്കം മുതലേ തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന മാണിഗ്രൂപ്പീല്‍. ചങ്ങനാശ്ശേരി, തിരുവല്ല എന്നീ മാണ്ഡലങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ അവസാനം വരെ നീണ്ടു നിന്നു. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണാന്‍ സാധിച്ചാല്‍ തന്നെ പി.ജെ. ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ യു.ഡി.എഫില്‍ നിന്നും ഉയര്‍ന്നിട്ടുള്ള എതിര്‍പ്പിനെ എപ്രകാരം മറികടക്കും എന്നതും ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കും.