അരുവിക്കര: അരുവിക്കര നിയമ സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകും. വി. വി. രാജേഷ്, സി. ശിവന്‍ കുട്ടി, എസ്. ഗിരിജ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ജില്ലാ കമ്മറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അരുവിക്കരയില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് ബി. ജെ. പി. കോര്‍ കമ്മറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജഗോപാലിനെ നിശ്ചയിച്ചത്. അഭിപ്രായം ആരാഞ്ഞപ്പോള്‍ അദ്ദേഹം സന്നദ്ധത അറിയിക്കുകയും ചെയ്തു.
ശോഭാ സുരേന്ദ്രന്‍, എം. ടി. രമേശ്, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നെങ്കിലും ഒ. രാജഗോപാലിനെയാണ് കോര്‍ കമ്മറ്റി നിര്‍ദ്ദേശിച്ചത്. വാജ് പേയി മന്ത്രിസഭയില്‍ റെയില്‍വേ സഹ മന്ത്രിയായിരുന്നിട്ടുള്ള രാജഗോപാല്‍ 2004, 2014 വര്‍ഷങ്ങളില്‍ തിരുവനന്തപുരം ലോക്‍സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിട്ടുണ്ട്.
മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ ആണ് ഇടതു മുന്നണി സ്ഥാനാര്‍ഥി. അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. സഹതാപ തരംഗം മുതലാക്കുവാനാണ് യു. ഡി. എഫ്. കാര്‍ത്തികേയന്റെ കുടുംബാംഗത്തെ തന്നെ സ്ഥാനാര്‍ഥിയാക്കിയത്. സോളാര്‍ തട്ടിപ്പ് കേസും, ബാര്‍ കോഴക്കേസും ഉള്‍പ്പെടെ നിരവധി അഴിമതി ക്കേസുകളും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഉയര്‍ത്തിക്കാട്ടിയാണ് എല്‍. ഡി. എഫും, ബി. ജെ. പി. യും പ്രചാരണത്തി നിറങ്ങിയിരിക്കുന്നത്.