കോതമംഗലം : കോതമംഗലം മാര്‍ ഗ്രിഗോറിയോസ് അശുപത്രിയില്‍ മൂന്നു മാസക്കാലമായി നടന്നു വന്ന സമരം നിരവധി ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു കൊണ്ട് ചരിത്ര വിജയം നേടിയത് കേരളത്തിന്റെ സമര ചരിത്രത്തില്‍ ഒരു പുതിയ ഏടായി. ഏറെക്കാലമായി നഴ്സിംഗ് മേഖല നേരിടുന്ന തൊഴില്‍ പീഡനത്തിനെതിരെ കേരളത്തില്‍ നടന്നുവന്ന സമരത്തിനു നേരെ മുഖം തിരിച്ചു നിന്ന മാനേജ്മെന്റിന്റെ ദാർഷ്ട്യത്തിന് മുന്നറിയിപ്പ് കൂടെയായി കേരള സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ.
നഴ്സിംഗ് സമൂഹം വളരെ വലിയ ചൂഷണം നേരിടുന്നത് സമീപ കാലത്താണ് കേരള സാമൂഹ്യ മണ്ഡലത്തില്‍ വലിയ ചര്‍ച്ചാവിഷയമാകുന്നത്. വലിയ പ്രതീക്ഷകളുമായി നഴ്സിംഗ് പഠനത്തിന് ചേര്‍ന്ന കുട്ടികളെ കാത്തിരുന്ന തൊഴില്‍ പീഡനത്തിന്റെ കദന കഥകള്‍ വലിയ സമര ചരിത്ര പാരമ്പര്യം അവകാശപ്പെടുന്ന കേരള രാഷ്ട്രീയ മണ്ഡലം തിരിച്ചറിയാതെ പോയതാണോ, അതോ കണ്ടില്ലന്നു നടിച്ചതാണോ എന്നത് രാഷ്ട്രീയ സത്യസന്ധതയ്ക്കു നേരെയുള്ള ചോദ്യ ചിഹ്നമായി ഉയര്‍ന്നു നില്ക്കുന്നു.
നഴ്സിംഗ് സമരം പിന്നിട്ട വഴിത്താരകള്‍ വിശകലനം ചെയ്യുമ്പോൾ പരമ്പരാഗത സമര രീതികളിൽ നിന്നും വളരെ വ്യത്യസ്തം ആണെന്നു കണ്ടെത്താന്‍ സാധിക്കുന്നു. സാമൂഹത്തിലെ ഏറ്റവും വലിയ സേവന രംഗമായ ആതുര മേഖലയിൽ ഭൂമിയിലെ മാലാഖമാര്‍ എന്ന ഓമന പേരിൽ അറിയപ്പെടുന്ന നഴ്സുമാരുടെ പ്രശ്നങ്ങള്‍ വെളിപ്പെടുവാന്‍ നിരവധി ആത്മഹത്യകള്‍ വേണ്ടി വന്നു എന്നത് ഒരു ദുരന്ത സത്യം. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ ബാങ്ക് വായ്പ പോലും തിരിച്ചടയ്ക്കാന്‍ നിര്‍വാഹം ഇല്ലാതെ ജീവിതത്തിന്റെ മുന്നില്‍ പകച്ചു നിന്നപ്പോളാണ് ജീവന് പോലും അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. അതിജീവനത്തിന്റെ അവസാന പ്രതീക്ഷകള്‍ക്കും നിറം മങ്ങിയപ്പോള്‍ സ്വയം അവസാനിപ്പിക്കേണ്ടി വന്ന ജീവിതങ്ങൾ.
പശ്ചിമേഷ്യന്‍ അറബ് രാജ്യങ്ങളില്‍ മുല്ല വിപ്ലവത്തിന് തുടക്കം കുറിച്ച സോഷ്യല്‍ നെറ്റ്വര്‍ക്ക് തന്നെയാണ് ഈ സമരത്തിന്റെയും ഗതിവേഗം കൂട്ടിയത്. സഹപ്രവര്‍ത്തകരുടെ നൊമ്പരമുണർത്തുന്ന ഓര്‍മ്മകള്‍ പങ്കു വെച്ച സുഹൃത്തുകള്‍ ഒരു വലിയ സമൂഹത്തിന്റെ പ്രതീഷകള്‍ക്ക് അവരറിയാതെ തന്നെ തുടക്കം കുറിക്കുകയായിരുന്നു. ചെറിയ തോതിലുള്ള പ്രതിഷേധ സമരത്തെ തുടക്കത്തില്‍ കണ്ടില്ലെന്നു നടിക്കുകയും പിന്നീട് അവഹേളനത്തിലൂടെയും, ഭീഷണിയിലൂടെയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സങ്കുചിത താല്പര്യമുള്ള രാഷ്ട്രീയ നേതൃത്വത്തിനും സര്‍വ സീമകളും ലംഘിച്ചു ചൂഷണത്തിന് നേതൃത്വം നല്കുന്ന മാനേജ്മെന്റ്കള്‍ക്ക് എതിരെയും ഉള്ള വലിയൊരു മുന്നറിയിപ്പ് കൂടിയാകുന്നു ഈ സമര വിജയം. സുസംഘടിതരായ മത നേതൃത്വത്തിന്റെ കർശനമായ വിലക്കുകളേയും സമ്മർദ്ദങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് കൂടി നേടിയ ഈ വിജയം പുത്തന്‍ തലമുറയ്ക്ക് തികച്ചും അശാവഹം ആകുമെന്നതില്‍ തര്‍ക്കമില്ല.