
തിരുവനന്തപുരം : ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ്ണമായി വിദേശ കുത്തകകള്‍ക്ക് കടന്നു വരുവാനുള്ള തരത്തില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുവാനുള്ള നടപടി നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളെ പോലും മറക്കുന്ന നടപടിയാണ് എന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന് പ്രതികരിച്ചു.
കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തേണ്ടത് സ്വതന്ത്രമായ വിദേശ നിക്ഷേപം കൊണ്ടല്ല. ആഭ്യന്തര നിക്ഷേപം കൊണ്ടും, ദരിദ്ര കര്‍ഷകരെ സഹായിച്ചും ആയിരിക്കണം. സാങ്കേതിക വിദ്യ വിദേശത്ത് നിന്നും വാങ്ങിക്കാം. എന്നാല്‍ ലോകത്ത് നിന്നും സമ്പൂര്‍ണ്ണമായി പണക്കാരുടെയും കോര്‍പ്പൊറേറ്റുകളുടെയും നിക്ഷേപം നമ്മുടെ മണ്ണിലേക്ക് സ്വതന്ത്രമായി വരുന്നത് നമ്മുടെ ഭാവിയെ വല്ലാതെ ബാധിക്കും. ഭൂതകാലം മറക്കുന്ന ഒരു ജനതയായി നമ്മളെ കുറിച്ച് ലോകം വിധി എഴുതും.

കേരളത്തില്‍ ഇതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. കാരണം കേരളത്തിലെ ഉല്‍പ്പന്നങ്ങളും കേരളത്തിലെ കാര്‍ഷിക മേഖലയും നിലനിര്‍ത്തുന്നത് ഇവിടത്തെ സ്വതന്ത്രവും വിപുലവുമായ കമ്പോള വ്യവസ്ഥയാണ്. ഈ വ്യവസ്ഥയിലേക്ക് കോര്‍പ്പൊറേറ്റുകള്‍ കടന്നു വരുന്നത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ആകെ തകിടം മറിക്കും എന്നും മന്ത്രി അറിയിച്ചു.
രാജ്യത്തിന്റെ മണ്ണില്‍ വിദേശ നിക്ഷേപം ഇറക്കുന്നത് കാര്‍ഷിക മേഖലയുടെ തനത് സ്വഭാവം തന്നെ ഇല്ലാതാക്കും. ഈ നീക്കം കേരളത്തില്‍ എന്ത് വില കൊടുത്തും ചെറുക്കും എന്നും മന്ത്രി വ്യക്തമാക്കി.