തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ചര്‍ച്ചകള്‍ അക്ഷരാര്‍ഥത്തില്‍ പുന്നപ്ര വയലാര്‍ സമര നായകന്‍ വി. എസ്. അച്യുതാനന്തനെ വിചാരണ ചെയ്യാനുള്ള വേദിയായി മാറി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസ്സിനെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ട്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വി.എസ്സിനെതിരെ കടുത്ത വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ യാതൊരു ലോഭവും കാണിച്ചില്ല. ഇടുക്കിയില്‍ നിന്നു വന്ന പ്രതിനിധി വി.എസ്സിനെ ഒറ്റുകാരനെന്നു വിശേഷിപ്പിച്ചു. അദ്ദേഹത്തെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കരുതെന്നും പറഞ്ഞപ്പോള്‍ മലപ്പുറത്തു നിന്നുമുള്ള യുവനേതാവ് എം. സ്വരാജ് വി. എസ്സിനു ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടി അച്ചടക്കം നിരന്തരം ലംഘിക്കുന്ന വി.എസ്സിനെ നിലക്കു നിര്‍ത്താന്‍ കേന്ദ്ര നേതൃത്വത്തോട് കണ്ണൂരില്‍ നിന്നുമുള്ള പ്രതിനിധി എം. പ്രകാശന്‍ മാസ്റ്റര്‍ ആവശ്യപെട്ടു. വയനാട് ജില്ലയില്‍ നിന്നുമുള്ള മുന്‍ എം. എല്‍. എ കൃഷ്ണ പ്രസാദ് മാത്രമാണ് വി.എസ്സിന് സമാശ്വാസകരമായ നിലപാട് എടുത്തത്. പാര്‍ട്ടി വേദികളില്‍ വി.എസ്സ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോളും ജനമനസ്സില്‍ അദ്ദേഹത്തോടുള്ള മതിപ്പ് വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധേയമാണ്‍`. വി. എസ്സിന്റെ ജനപിന്തുണ സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതൃത്വം തെറ്റിദ്ധരിപ്പിച്ചു എന്ന് പ്രകാശ് കാരാട്ട് നടത്തിയ പരാമര്‍ശം വി. എസ്സിനു കുറ്റപത്രം ഒരുക്കിയവര്‍ക്ക് തിരിച്ചടിയായി. വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് എം. എ ബേബിയുടെ നിലപാടുകളെ കുറിച്ച് രണ്ടു പ്രതിനിധികള്‍ നടത്തിയ ചെറിയ വിമര്‍ശനമൊഴിവാക്കിയാല്‍ പൊതുവെ വി. എസ്സിനൊഴികെ മറ്റു നേതാക്കന്മാര്‍ക്കു നേരെ കാര്യമായ വിമര്‍ശനങ്ങള്‍ ഉണ്ടായില്ല.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രതിരോധം