തിരുവനന്തപുരം: വി.എസ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ നിര്‍വ്വഹിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ് ബജറ്റ്. സംസ്ഥാനത്ത് പൊതുമേഖലയില്‍ അഞ്ച് പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തോടൊപ്പം അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കിയുള്ളതാണ് ബജറ്റ്. സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിനാണ് ബജറ്റില്‍ ഏറ്റവുമധികം ഊന്നല്‍ നല്‍കിയിട്ടുള്ളത്. അവശ ജനവിഭാഗങ്ങള്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും പുതിയ ക്ഷേമപദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള പദ്ധതികളും ബജറ്റിലുണ്ട്.
‘പാലിച്ചു വാഗ്ദാനമേറെയന്നാകിലും പാലിക്കുവാനിനിയുമുണ്ടേറെ’ എന്ന ഒ.എന്‍.വിയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റില്‍ ധന- റവന്യൂക്കമ്മി കുറഞ്ഞതായി ധനമന്ത്രി അവകാശപ്പെട്ടു. നികുതി വരുമാനം ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായി വര്‍ധിച്ചു. സംസ്ഥാന കടം 70 ശതമാനം ഉയര്‍ന്നെങ്കിലും കടം പെരുകുന്നതിന്റെ തോത് ഈ സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെലവ് കൂടിയെങ്കിലും ധനക്കമ്മി പിടിച്ചു നിര്‍ത്തിയതായി ധനമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യുകമ്മി 15.5 ശതമാനമായി കുറഞ്ഞെന്ന് ബജറ്റ് പറയുന്നു. 2001-2006 കാലത്ത് ഇത് 28.5 ശതമാനമായിരുന്നു. കേന്ദ്രസഹായത്തില്‍ കുറവുണ്ടായെങ്കിലും, സംസ്ഥാനത്തെ ട്രഷറി ഒരു ദിവസം പോലും അടച്ചിടേണ്ടി വന്നില്ല എന്നത്, സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റിന്റെ മികവായി ധനമന്ത്രി ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി ആയിരം കോടിയുടെ ബൈപ്പാസ് പക്കേജ് നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. പത്ത് സംസ്ഥാനപാതകള്‍ വികസിപ്പിക്കും. അതിനായി 1920 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ദേശീയപാതാ വികസനത്തിന് നഷ്ടപരിഹാരം നല്കാന് 25 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ് ഫണ്ട് ബോര്‍ഡിന് കീഴില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. ഈ ബോര്‍ഡിനും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസിനും വായ്പയെടുക്കാന്‍ അനുമതി നല്‍കും. പൂവാര്‍-പൊന്നാനി തീരദേശ പാത നിര്‍മിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. സംസ്ഥാനത്തെ 36 റോഡുകല്‍ രണ്ടുവരി പാതയാക്കും.
പെരുമ്പാവൂരില്‍ ദേശീയ വൈജ്ഞാനിക കേന്ദ്രം, കെ.എം.എം.എല്‍ കാമ്പസില്‍ മിനറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, മലബാര്‍ സ്പിന്നിംഗ് ആന്‍ഡ് വീവിങ്ങില്‍ 15 കോടിയുടെ നെയ്ത്തുശാല ഉള്‍പ്പടെ അഞ്ച് പുതിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതു കൂടാതെ നിലവിലുള്ള സ്ഥാപനങ്ങള്‍ നവീകരിക്കാനുള്ള സഹായവും വകയിരുത്തിയിട്ടുണ്ട്. തൃശ്ശൂരിലെ സീതാറാം മില്‍ നവീകരണത്തിന് 20 കോടി മുതല്‍മുടക്കുമെന്ന് ബജറ്റ് പറയുന്നു. കെല്‍ട്രോണ്‍ നവീകരണത്തിന് 50 കോടിയും വകയിരുത്തിയിട്ടുണ്ട്.
കണ്ണൂര്‍ വിമാനത്താവളം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി, കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടിസ്ഥാന വികസനത്തിന് 10 കോടിയും, ഭൂമി ഏറ്റെടുക്കലിന് 15 കോടിയും ബജറ്റില്‍ വകയിരുത്തി. കോഴിക്കോട് വിമാനത്താവള വികസനത്തിന് 25 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി തങ്കശ്ശേരി തുറമുഖ വികസനത്തിന് 160 കോടിയും, പൊന്നാനി തുറമുഖത്തിന് 761 കോടിയും വകയിരുത്തി. വിഴിഞ്ഞം പദ്ധതി രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ആ പദ്ധതിയുടെ ആദ്യഘട്ടത്തിന് 150 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 12 ജലവൈദ്യുത പദ്ധതികള്‍ക്കായി 141 കോടിയും പ്രഖ്യാപിച്ചു.
ഐ.ടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 102 കോടിയും, ടൂറിസത്തിന് 105 കോടിയും ബജറ്റില്‍ വകയിരുത്തി. സില്‍ക്ക് റൂട്ടിന്റെ മാതൃകയില്‍ ‘സ്പൈസ് റൂട്ട്’ എന്ന പേരില്‍ ഒരു പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. സ്പൈസ് റൂട്ട് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി രൂപ വകയിരുത്തി. ആലപ്പുഴയിലും കോഴിക്കോട്ടും കെ.ടി.ഡി.സി.ഹോട്ടലുകള്‍ക്ക് അഞ്ചുകോടി പ്രഖ്യാപിച്ചു. പട്ടണം മ്യൂസിയത്തിന് അഞ്ച് കോടിയും ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ടിന് ഒരു കോടിയും വകയിരുത്തി.
വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള പരിപാടികളും ബജറ്റില്‍ ഉള്‍പ്പെടുത്തി. റേഷന്‍കടകള്‍ വഴി 300 രൂപായുടെ കിറ്റ് 150 രൂപായ്ക്ക് നല്‍കും. അവശ്യസാധനങ്ങള്‍ ന്യായമായ വിലയ്ക്ക് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡിന് 50 കോടി വകയിരുത്തി. 3000 റേഷന്‍ കടകളെ സിവില്‍ സപ്ലൈസ് കോര്പ്പറേന് ഫ്രാഞ്ചൈസികളാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് സബ്സിഡിയായി 75 കോടി അനുവദിച്ച ധനമന്ത്രി, റേഷന്‍ വ്യാപാരികളുടെ കമ്മീഷന് ഉയര്‍ത്തി. ന്യായവിലയ്ക്ക് പച്ചക്കറി വിതരണം നടത്താന്‍ ഹോര്‍ട്ടികള്‍ച്ചറല്‍ കോര്പ്പറേഷന് 20 കോടി വകയിരുത്തി. 40 ലക്ഷം കുടുംബങ്ങളെ ബി.പി.എല്‍. കുടുംബങ്ങളായി അംഗീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ക്ഷേമപെന്ഷന് 300 ല്‍ നിന്ന് 400 രൂപയായി ഉയര്‍ത്തിയ ധനമന്ത്രി, അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള സംസ്ഥാന വിഹിതം 1000 രൂപയായി ഉയര്‍ത്തി. പാചകത്തൊഴിലാളികള്‍ക്കും സ്വകാര്യ ആസ്പത്രിയിലെ നഴ്സുമാര്‍ക്കും ക്ഷേമനിധി പ്രഖ്യാപിച്ചു. മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമനിധിക്ക് പത്തുകോടി വകയിരുത്തിയപ്പോള്‍, ആശ സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന വിഹിതം 300 രൂപയാക്കി വര്‍ധിപ്പിച്ചു. പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്ഷന് 2500 ല്‍ നിന്ന് 4000 രൂപയാക്കി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി രൂപ വകയിരുത്തി.
ഓരോ നവജാത ശിശുവിനും പതിനായിരം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മാരകരോഗമുള്ള കുട്ടികളുടെ ചികിത്സയ്ക്ക് ആറ് കോടി രൂപ വകയിരുത്തി, കേള്‍വിശക്തിയില്ലാത്ത കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് രണ്ട് കോടിയും. ഹൃദയം, വൃക്ക തുടങ്ങിയവയ്ക്ക് തകരാറുള്ള കുട്ടികളുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായവും ധനമന്ത്രി പ്രഖ്യാപിച്ചു.