പത്തനംതിട്ട: വിനോദ സഞ്ചാര കേന്ദ്രമായ ഗവിയ്ക്ക് സമീപം നാല് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരു മോഴയും, പിടിയാനയും, രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്. പ്ലാപ്പിള്ളി വനമേഘലയിലെ ഉള്‍ക്കാട്ടിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ തട്ടിയാണ് ആനകള്‍ക്ക് ഷോക്കേറ്റതെന്ന് കരുതുന്നു. അടിക്കാടുകള്‍ വളര്‍ന്ന് വൈദ്യുതി ലൈനില്‍ തട്ടുകയും അതു വഴി കടന്നു പോകുകയായിരുന്ന ആനകള്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ ഇടിമിന്നലേറ്റാണ് ആനകള്‍ ചരിഞ്ഞതെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെയും ഈ പ്രദേശത്ത് ഷോക്കേറ്റ് കുട്ടിയാനയടക്കം ആനകള്‍ ചരിഞ്ഞിട്ടുണ്ട്. സംഭവ സ്ഥലത്തേക്ക് ഡി.എഫ്.ഒ അടക്കം ഉള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യാത്ര തിരിച്ചിട്ടുണ്ട്. ആനകളുടെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കൃത്യമായ മരണകാരണം അറിയുകയുള്ളൂ.