മുംബൈ : വിക്കിലീക്ക്സ് സെര്‍വര്‍ മിറര്‍ ചെയ്തു ഇന്ത്യയില്‍ നിന്നും വിക്കിലീക്ക്സിന് പിന്തുണ പ്രഖ്യാപിച്ച വിദ്യുത് കാലെ (സോണിയ) യുടെ സെര്‍വര്‍ അടച്ചു പൂട്ടി. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് തന്റെ ബിസിനസ് വെബ് സൈറ്റുകളും ബ്ലോഗുകളും എല്ലാം ഡിലീറ്റ് ചെയ്യപ്പെട്ടത് എന്ന് സോണിയ പറഞ്ഞു. സോണിയയുടെ ഈ പ്രതിഷേധത്തിന്റെ വാര്‍ത്ത ലോകത്തിനു മുന്‍പില്‍ ആദ്യമായി കൊണ്ട് വന്നത് e പത്രമാണ്. e പത്രം വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം ഈ വെബ് സൈറ്റ് ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു. വര്‍ഷങ്ങളുടെ തന്റെ അദ്ധ്വാനമാണ് ഒരു നിമിഷം കൊണ്ട് നഷ്ടമായത്. അതില്‍ അതിയായ വിഷമമുണ്ടെങ്കിലും ഒരു നല്ല കാര്യത്തിനു വേണ്ടി നിലപാട് കൈക്കൊണ്ട തനിക്ക് നേരെ ഇത്തരമൊരു നടപടി താന്‍ പ്രതീക്ഷിച്ചിരുന്നു എന്നും അവര്‍ അറിയിച്ചു.
അമേരിക്ക വിക്കിലീക്ക്സ് വിഷയത്തില്‍ സ്വീകരിക്കുന്ന നയം വന്‍ അബദ്ധമാണ് എന്നും അതിന്റെ സൂചനയാണ് ഇത്തരം നടപടികള്‍ എന്നും സോണിയ പറയുന്നു.
ഇന്ത്യയില്‍ നിന്നും വിക്കിലീക്ക്സിന് ഒരു പക്ഷെ ലഭിച്ച ആദ്യത്തെ പിന്തുണ ആയിരുന്നു സോണിയയുടെ മിറര്‍ സെര്‍വര്‍. വിക്കിലീക്ക്സ് സെര്‍വര്‍ അമേരിക്കയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ തങ്ങളുടെ സെര്‍വറില്‍ വിക്കിലീക്ക്സ് വെബ് സൈറ്റ് മിറര്‍ ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിരുന്നു. പ്രധാന സെര്‍വറിലെ അതെ ഉള്ളടക്കം നിലനിര്‍ത്തുന്ന മറ്റ് സെര്‍വറുകളെയാണ് മിറര്‍ സെര്‍വറുകള്‍ എന്ന് വിളിക്കുന്നത്.
ക്രാക്കര്മാരുടെയോ, വിക്കിലീക്ക്സിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ അമേരിക്കയുടെയോ ആക്രമണം മൂലം പ്രധാന വെബ് സൈറ്റ് ലഭ്യമല്ലാതായാലും വെബ് സൈറ്റ് ഈ മിറര്‍ സെര്‍വറുകളില്‍ ലഭ്യമാവും എന്നതാണ് ഇതിന്റെ പ്രത്യേകത.
വിക്കിലീക്ക്സിനോട് അനുഭാവം പുലര്‍ത്തുന്ന ഒട്ടേറെ പേര്‍ ഇത്തരത്തില്‍ മിറര്‍ സെര്‍വറുകള്‍ സ്ഥാപിക്കാന്‍ മുന്‍പോട്ടു വന്നതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് മിറര്‍ സെര്‍വറുകളാണ് സ്ഥാപിക്കപ്പെട്ടത്. അനുനിമിഷം ഈ സംഖ്യ കൂടി വരുന്നുമുണ്ട്.
വിക്കിലീക്ക്സ് മിറര്‍ സെര്‍വറുകളുടെ ഏറ്റവും പുതിയ ലിസ്റ്റ്
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, സ്ത്രീ