കൈറോ : പ്രസിഡണ്ട് ഹോസ്നി മുബാറക് സ്ഥാനം ഒഴിയണം എന്ന ആവശ്യവുമായി ഒരു ലക്ഷം പ്രക്ഷോഭകര്‍ ഇന്ന് കൈറോയിലെ താഹിര്‍ സ്ക്വയറില്‍ ഇരച്ചു കയറി. പ്രക്ഷോഭകരെ സൈന്യം പിന്തുണച്ച ആഹ്ലാദം പ്രക്ഷോഭകാരികളുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു. പ്രക്ഷോഭകാരികളെ തങ്ങള്‍ തടയില്ല എന്ന് നേരത്തെ സൈന്യം വ്യക്തമാക്കിയിരുന്നു. തലസ്ഥാന നഗരിയിലേക്കുള്ള പ്രവേശന മാര്‍ഗങ്ങള്‍ അടച്ചു കൊണ്ട് പ്രക്ഷോഭത്തിന്റെ മൂര്‍ദ്ധന്യം തലസ്ഥാനത്ത് എത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ഈ ഉദ്യമത്തില്‍ അധികൃതര്‍ പരാജയപ്പെട്ടു. പതിനായിരക്കണക്കിന് ജനം അലക്സാണ്ട്രിയയിലും തെരുവില്‍ ഇറങ്ങിയിട്ടുണ്ട്.
ടുണീഷ്യയിലെ വിപ്ലവത്തിന്റെ വിജയത്തെ തുടര്‍ന്ന് ഏതാനും ചെറുപ്പക്കാര്‍ ഫേസ്ബുക്കിലൂടെ ഒരു പ്രതിഷേധ ദിനത്തിന് നല്‍കിയ ആഹ്വാനമാണ് മുബാറക്കിന്റെ ശക്തി ദുര്‍ഗ്ഗം തകര്‍ക്കാന്‍ മാത്രം പ്രബലമായ വന്‍ പ്രക്ഷോഭമായി കേവലം രണ്ടാഴ്ച കൊണ്ട് മാറിയത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ കൊണ്ട് ലോകം കുറച്ചൊന്നുമല്ല മാറി മറിഞ്ഞത്. പൊതുവേ രാഷ്ട്രീയ സ്ഥിരതയുള്ള ജോര്‍ദാനിലെ ഭരണാധികാരി പോലും അവിടത്തെ സര്‍ക്കാര്‍ പിരിച്ചു വിട്ടത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റ് പ്രസ്ഥാനങ്ങളായി മാറിയ ഈ ആധുനിക യുഗത്തില്‍ പോലും വിപ്ലവത്തിന്റെ ചേരുവകള്‍ ഒത്തു വന്നാല്‍ ഒരു വിപ്ലവത്തിനുള്ള സാദ്ധ്യത ഇന്നും യാഥാര്‍ത്ഥ്യമായി തുടരുന്നു എന്ന് വെളിപ്പെടുത്തുക എന്ന ചരിത്ര ദൌത്യമാണ് ഈ ആഫ്രിക്കന്‍ പ്രക്ഷോഭത്തിനുള്ളത്. ഫേസ്ബുക്കില്‍ നിന്നും തുടങ്ങിയ ഈ കൊടുങ്കാറ്റ് പിരമിഡിനെ തകര്‍ത്തു തരിപ്പണമാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, ഈജിപ്റ്റ്, പ്രതിഷേധം, മനുഷ്യാവകാശം