കാലിഫോണിയ: പരമ്പരാഗത റേഡിയോ തരംഗങ്ങളോട് വിട ചൊല്ലിക്കൊണ്ട് നാസ ലേസർ രശ്മികൾ ഉപയോഗിച്ചുള്ള വാർത്താ വിനിമയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു. ബഹിരാകാശത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഭൂമിയിലേക്ക് ഒരു വീഡിയോ ചിത്രം അയച്ചു കൊണ്ടാണ് വിപ്ലവകരമായ ഈ നേട്ടം നാസ കൈവരിച്ചത്. “ഹലോ വേൾഡ്” എന്ന ആ വീഡിയോയാണ് താഴെ.
സാധാരണ ഗതിയിൽ 10 മിനിട്ടോളം വേണ്ടി വരും ഈ വീഡിയോ ഭൂമിയിൽ എത്താൻ. എന്നാൽ ലേസർ വഴി ഇത് കേവലം മൂന്നര സെക്കൻഡ് സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്ന് അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വ്യാപ്തി മനസ്സിലാവുക.
ഓപ്റ്റിക്കൽ പേലോഡ് ഫോർ ലേസർകോം സയൻസ് (Optical Payload for Lasercomm Science – OPALS) എന്നാണ് ഈ സാങ്കേതിക വിദ്യക്ക് പേരിട്ടിരിക്കുന്നത്.
നമ്മുടെ വീടുകളിൽ പണ്ടുണ്ടായിരുന്ന ഡയൽ അപ് ഇന്റർനെറ്റ് കണക്ഷൻ ഇന്ന് നിലവിലുള്ള വേഗതയേറിയ ഡി. എസ്. എൽ. കണക്ഷൻ ആക്കുന്നതിന് സമാനമാണ് ബഹിരാകാശത്ത് നിന്നും റേഡിയോ വഴിയുള്ള വാർത്താ വിനിമയം ലേസറിലേക്ക് മാറുന്നത്.
ബഹിരാകാശ വാഹനങ്ങൾ സഞ്ചരിക്കുന്ന അതീവ വേഗത കണക്കിലെടുക്കുമ്പോൾ ലേസർ രശ്മികളെ സ്വീകരണികളിൽ അനക്കാതെ പതിപ്പിച്ച് നിർത്തുന്നത് അത്യന്തം സൂക്ഷമത ആവശ്യമുള്ള കാര്യമാണ്. മുപ്പത് അടി അകലെയുള്ള ഒരാളുടെ മുടിയുടെ തുമ്പിലേക്ക് ഒരു ലേസർ പോയന്റർ ചൂണ്ടി, അതവിടെ തന്നെ നിർത്തിക്കൊണ്ട് വേഗത്തിൽ നടക്കുന്നതിനോടാണ് ശാസ്ത്രജ്ഞർ ഈ പ്രക്രിയയെ ഉപമിക്കുന്നത്.
ഭാവിയിലെ ബഹിരാകാശ വാർത്താ വിനിമയ രംഗത്തെ ഈ നേട്ടം ഒട്ടേറെ സ്വാധീനിക്കും എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹിരാകാശം, ശാസ്ത്രം, സാങ്കേതികം