ക്വാറഖോഷ്: ഇറാഖിലെ വിമതരുടെ കൈകളില്‍ അകപ്പെട്ടാല്‍ തങ്ങളെ കൊല്ലുകയോ മതം മാറ്റുകയോ ചെയ്യുമെന്ന ഭീതിയില്‍ കൃസ്ത്യാനികള്‍ ഉള്‍പ്പെടെ ഉള്ള ഇറാഖിലെ ന്യൂനപക്ഷ മതത്തില്‍ പെട്ടവര്‍ സ്വന്തം നാടുപേക്ഷിച്ച് പലായനം ചെയ്യുന്നു. കടുത്ത മത മൌലികവാദികളായ ഐസിസ് അന്യ മത വിഭാഗങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നത്. അവര്‍ പിടിച്ചെടുക്കുന്ന നഗരങ്ങളില്‍ കര്‍ശനമായ മത നിയമങ്ങളാണ് നടപ്പാക്കുന്നത്. പലയിടങ്ങളിലും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇറാഖിലെ ഏറ്റവും വലിയ ക്രിസ്തീയ നഗരമെന്ന് അറിയപ്പെടുന്ന ക്വാറഖോഷ് കൂടാതെ റ്റിങ്കായിഫ്, അല്‍ കെയ്‌വയര്‍ എന്നിവിടങ്ങളില്‍ നിന്നും ആയിരക്കണക്കിനു പേരാണ് പലായനം ചെയ്യുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന പല ഗ്രാമങ്ങളും ശൂന്യമാണ്. സുരക്ഷിത കേന്ദ്രങ്ങള്‍ തേടിയുള്ള പലായനത്തില്‍ ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതെല്ലാം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഇറാഖിലെ ന്യൂനപക്ഷങ്ങള്‍.
ഗ്രാമങ്ങളില്‍ നിന്നും പ്രാണരക്ഷാര്‍ഥം ഓടിപ്പോകുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കുവാന്‍ നടപടി കൈകൊള്ളമെന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.