ലോകത്തിന്റെ എണ്ണ കപ്പലുകളുടെ പ്രധാന യാത്രാ മാര്ഗ്ഗമായ ഹോര്മുസ് കടലിടുക്ക് അടച്ചിടും എന്ന ഭീഷണിയില് നിന്നും ഇറാന് പുറകോട്ട് പോയി. ഇറാന്റെ എണ്ണ കയറ്റുമതിയ്ക്ക് മേല് പാശ്ചാത്യ ലോകം അന്താരാഷ്ട്ര നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയാല് ഹോര്മുസ് കടലിടുക്ക് അടച്ചിട്ടു കൊണ്ട് തങ്ങള് പ്രതികരിക്കും എന്ന് കഴിഞ്ഞ ദിവസം ഇറാന്റെ ഉപ രാഷ്ട്രപതി മൊഹമ്മദ് റേസാ റഹീമി പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണ ചരക്ക് ഗതാഗതത്തിന്റെ ആറില് ഒരു ഭാഗം ആശ്രയിക്കുന്ന ഈ കടല് മാര്ഗ്ഗം തങ്ങള്ക്ക് എപ്പോള് വേണമെങ്കിലും തടയാന് ആവും എന്ന് ഇറാന്റെ നാവിക സേനാ മേധാവിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല് കടലിടുക്ക് അടയ്ക്കുക എന്ന തന്ത്രം തങ്ങള് ഇപ്പോള് പ്രയോഗിക്കില്ല എന്നും പാശ്ചാത്യ ഭീഷണിയെ നേരിടാന് മറ്റു തന്ത്രങ്ങളെയാണ് തങ്ങള് ആശ്രയിക്കുക എന്നുമാണ് ഇന്ന് ഇറാന്റെ സൈനിക വെബ് സൈറ്റില് ഒരു ഉയര്ന്ന സൈനിക കമാണ്ടര് വെളിപ്പെടുത്തിയത്.