മോസ്കോ: ഉക്രെയിനിൽ ഏതു നിമിഷവും ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത് എന്ന് റഷ്യ പ്രഖ്യാപിച്ചു. മോസ്കോ അനുകൂല വിഘടന വാദികൾക്ക് എതിരെ ആസന്നമായ പടപ്പുറപ്പാടിന് തൊട്ട് മുൻപായാണ് റഷ്യ ചൊവ്വാഴ്ച്ച ഈ പ്രഖ്യാപനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായി കിഴക്കൻ പ്രദേശങ്ങളിൽ വൻ സൈനിക സന്നാഹങ്ങളാണ് അടുത്ത ദിവസങ്ങളിലായി വിന്യസിച്ച് വരുന്നത്.
ഭീകരർക്ക് ആയുധം വെച്ച് കീഴടങ്ങാൻ ഉക്രെയിൻ നൽകിയ അന്ത്യശാസനം അവസാനിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും പക്ഷെ ഇതു വരെ വിമതർ അധിവസിക്കുന്ന കെട്ടിടങ്ങൾക്ക് നേരെ ആക്രമണമൊന്നും നടത്താനുള്ള നീക്കം പ്രത്യക്ഷത്തിൽ ദൃശ്യമല്ല.
ഇതിനിടയിലാണ് തന്റെ ഫേസ്ബുക്ക് പേജിൽ ഉക്രെയിനിൽ ആഭ്യന്തര കലാപം ആസന്നമായിരിക്കുന്നു എന്ന് റഷ്യൻ പ്രധാന മന്ത്രി ദിമിത്രി മെദ്വെദേവ് പോസ്റ്റ് ചെയ്തത്.