കാലിഫോര്‍ണിയ : നാസയുടെ ഉപേക്ഷിക്കപ്പെട്ട ഉപഗ്രഹമായ യു. എ. ആര്‍. എസ്. ഭൂമിയില്‍ പതിക്കാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൃത്യമായി അത് ഭൂമിയില്‍ എവിടെ ആയിരിക്കും പതിക്കുക എന്ന് പ്രവചിക്കാന്‍ ഉപഗ്രഹം വിക്ഷേപിച്ച നാസയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. എന്നാല്‍ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്ന ഉപഗ്രഹത്തിന്റെ വേഗതയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇത് ഉപഗ്രഹത്തിന്റെ ഗതിയിലും മാറ്റം വരുത്തി. ഗതിയിലെ ഈ മാറ്റത്തോടെ ഉപഗ്രഹം അമേരിക്കന്‍ മണ്ണില്‍ വീഴാനുള്ള സാദ്ധ്യത ഏറെ കുറഞ്ഞതായി നാസ കണക്ക് കൂട്ടുന്നു. അമേരിക്കയില്‍ വീഴാതിരിക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം ഒഴിവായി എന്ന മട്ടിലുള്ള ഈ അറിയിപ്പ് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഭൂമിയില്‍ എവിടെ പതിച്ചാലും ഏറെ നാശനഷ്ടങ്ങള്‍ വരുത്തുവാന്‍ ശേഷിയുള്ളതാണ് ഈ ഉപഗ്രഹം എന്നിരിക്കെ അമേരിക്കയില്‍ വീഴാനുള്ള സാദ്ധ്യത പ്രത്യേകമായി കണക്ക് കൂട്ടി പറയുന്നത് നിരുത്തരവാദപരവും ധിക്കാരവുമാണ് എന്നാണ് വിമര്‍ശനം.