ന്യൂഡൽഹി: ശ്രീലങ്കയിൽ അനുദിനം വർദ്ധിച്ചു വരുന്ന ചൈനീസ് സൈനിക സാന്നിദ്ധ്യത്തിൽ ഇന്ത്യക്ക് ആശങ്ക. കഴിഞ്ഞ ദിവസം ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി ഗൊട്ടബായ രാജപക്സ ഇന്ത്യ സന്ദർശിച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി അരുൺ ജെറ്റ്ലിയുമായും ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ദൊവാലുമായും കൂടിക്കാഴ്ച്ച നടത്തിയത് ഇന്ത്യയുടെ ഈ ആശങ്കയെ തുടർന്നാണ് എന്നാണ് സൂചന.
കഴിഞ്ഞ മാസം ശ്രീലങ്കൻ തുറമുഖത്ത് എത്തിയ ഒരു ചൈനീസ് മുങ്ങിക്കപ്പലാണ് ഇപ്പോൾ ഇന്ത്യയുടെ ഉറക്കം കെടുത്തുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ് ഇത്. ചാങ്ഷെങ് 2 എന്ന ആണവ മുങ്ങിക്കപ്പലാണ് കൊളംബോ അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ കഴിഞ്ഞ മാസം വന്നെത്തിയത്. ഇത് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ചൈനീസ് മുങ്ങിക്കപ്പൽ ശ്രീലങ്കയിൽ എത്തുന്നത്. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് രണ്ട് ചൈനീസ് യുദ്ധക്കപ്പലുകളും കൊളംബോയിൽ എത്തിയിരുന്നു.
ചൈനയും ശ്രീലങ്കയും തമ്മിൽ ശക്തമായ സൌഹൃദം നിലവിലുണ്ട്. ശ്രീലങ്കയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റുമായി ചൈന വൻ തോതിൽ സഹകരിക്കുന്നുണ്ട്. മാത്രവുമല്ല ശ്രീലങ്കയ്ക്ക് എതിരെയുള്ള മനുഷ്യാവകാശ ധ്വംസന ആരോപണത്തിന് എതിരെയുള്ള നടക്കുന്ന അന്വേഷണത്തിൽ ശ്രീലങ്കയെ ചൈന ശക്തമായി പിന്താങ്ങുമ്പോൾ ഇന്ത്യ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.