ഇസ്‌ലാമാബാദ് : ജമ്മു കാശ്മീര്‍ തര്‍ക്ക ഭൂമിയാണെന്നും, ഇത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്ന ഇന്ത്യയുടെ വാദം ശരിയല്ലെന്നും പാക്കിസ്ഥാന്‍ വീണ്ടും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വെബ് സൈറ്റിലെ ഭൂപടത്തില്‍ ജമ്മു കാശ്മീരിനെ തെറ്റായി ചിത്രീകരിച്ചതിന് എതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്ക ഭൂപടം ശരിയാക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെയാണ് പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ് ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പ്രതികരിച്ചത്. ഐക്യ രാഷ്ട്ര സഭയുടെ പരിഗണനയിലുള്ള തര്‍ക്ക ഭൂമിയാണ് ജമ്മു കാശ്മീര്‍. ഇതിന്റെ അന്തിമ നില ഇനിയും തീരുമാനിക്കാന്‍ ഇരിക്കുന്നതേയുള്ളൂ എന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.