ന്യൂയോര്‍ക്ക് : അമേരിക്ക കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് പോലീസ് പിടികൂടി. അഞ്ച് അന്താരാഷ്‌ട്ര കുറ്റവാളി സംഘങ്ങള്‍ ഒത്തൊരുമിച്ചാണ് ഈ കുറ്റകൃത്യം നടത്തിയത് എന്ന് പോലീസ് കണ്ടെത്തി. ഇവര്‍ യൂറോപ്പ്, ചൈന, ഏഷ്യ, ആഫ്രിക്ക, മദ്ധ്യ പൂര്‍വേഷ്യ, റഷ്യ, എന്നിവിടങ്ങളില്‍ നിന്ന് ഉള്ള സംഘങ്ങളാണ്. അറബിയിലും, റഷ്യനിലും, മണ്ടാരിന്‍ ഭാഷയിലുമുള്ള ആയിരക്കണക്കിന് ടെലിഫോണ്‍ സംഭാഷണങ്ങള്‍ ദ്വിഭാഷികളെ ഉപയോഗിച്ച് തര്‍ജ്ജമ ചെയ്തു മനസ്സിലാക്കിയാണ് ഈ അന്താരാഷ്‌ട്ര കുറ്റവാളി സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് മനസിലാക്കിയത്. കൃത്രിമമായി നിര്‍മ്മിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇവര്‍ രാജ്യവ്യാപകമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാഹനങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങുകയും പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുകയും വിലകൂടിയ കാറുകളും സ്വകാര്യ വിമാനങ്ങളും വാടകയ്ക്കെടുക്കുകയും ഇവര്‍ ചെയ്തു.
86 പേരെ പോലീസ് പിടി കൂടി. 25 പേരെ പിടി കിട്ടിയിട്ടില്ല. പോലീസ് കുറ്റം ചുമത്തിയ 111 പേരില്‍ 13 പ്രവാസി ഇന്ത്യാക്കാരും ഉണ്ട്.