മോസ്കോ: സുഹൃദ് രാജ്യങ്ങളിൽ പോലും ചാര പ്രവർത്തനം നടത്തുകയും സ്വന്തം പൌരന്മാരുടെ ഫോൺ സന്ദേശങ്ങൾ രഹസ്യമായി ചോർത്തുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് നയം വെളിച്ചത്ത് കൊണ്ടു വന്ന മുൻ സി. ഐ. എ. ഉദ്യോഗസ്ഥനും കമ്പ്യൂട്ടർ വിദഗ്ദ്ധനുമായ എഡ്വേർഡ് സ്നോഡനെ വധിക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പദ്ധതി ഇടുന്നതായി സ്നോഡന്റെ അഭിഭാഷകൻ ആരോപിച്ചു. പെന്റഗൺ ഉദ്യോഗസ്ഥർ സ്നോഡനെ വധിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം ഒരു മാദ്ധ്യമം പുറത്തു വിട്ടിരുന്നു. സ്നോഡന്റെ തലയിലൂടെ ഒരു വെടിയുണ്ട പായിക്കാൻ താൻ അഗ്രഹിക്കുന്നു എന്ന് ഈ ചർച്ചയ്ക്കിടെ ഒരു ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. ശീത യുദ്ധ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഈ ചർച്ച സ്നോഡന്റെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത് എന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
പലചരക്ക് കടയിൽ നിന്നും വീട്ടിലേക്ക് തിരികെ നടന്ന് പോകുന്ന സ്നോഡനെ വിഷം നിറച്ച സൂചി കൊണ്ട് പതുക്കെ ഒന്ന് കുത്തി ആരും അറിയാതെ വധിക്കുന്ന ശീത യുദ്ധ കാല സാദ്ധ്യതയാണ് സുരക്ഷാ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. പാസ്പോർട്ട് അമേരിക്ക റദ്ദ് ചെയ്തതിനെ തുടർന്ന് മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ സ്നോഡന് റഷ്യ താൽക്കാലിക രാഷ്ട്രീയ അഭയം നൽകുകയായിരുന്നു. സ്നോഡനെ അമേരിക്ക അപായപ്പെടുത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് റഷ്യ സ്നോഡന് ചുറ്റും സുരക്ഷാ കവചം ഒരുക്കിയിട്ടുണ്ടെങ്കിലും സ്നോഡൻ ഒരു സാധാരണ മനുഷ്യനെ പോലെ പലചരക്ക് കടയിലേക്ക് നടന്ന് പോകുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നത്. റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സ്നോഡനെ അമേരിക്കൻ വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ച് വരികയാണ് എന്ന് അമേരിക്കയും ആരോപിക്കുന്നുണ്ട്.