ടോക്യോ: ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍ നിന്നും നാനൂറ് കിലോമീറ്റര്‍ മാറി ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് എന്ന് കരുതുന്നു. ജപ്പാനിലെ പ്രാദേശിക സമയം ഉച്ച തിരിഞ്ഞ് 2.46 നായിരുന്നു ഭൂകമ്പം. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി തിരമാലകള്‍ ആറു മുതല്‍ പത്തു മീറ്റര്‍ വരെ ഉയര്‍ന്നു. ജപ്പാന്റെ വടക്കു കിഴക്കന്‍ മേഘലയിലാണ് സുനാമി ആഞ്ഞടിക്കുന്നത്. ഇതേ തുടര്‍ന്ന് വലിയ ഒരു പ്രദേശം വെള്ളത്തിനടിയിലായി. കുതിച്ചെത്തിയ സുനാമി തിരമാലകളില്‍ കെട്ടിടങ്ങളും, കാറുകളും, കപ്പലുകളും ഒലിച്ചു പോയതായി ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജപ്പാന്‍ തീരത്ത് സുനാമി ഉണ്ടാകുന്നത്. അനേകം കെട്ടിടങ്ങളും വീടുകളും നശിച്ചു. ആയിര ക്കണക്കിനു ആളുകള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് പലയിടത്തും അഗ്നി ബാധയും ഉണ്ടായിട്ടുണ്ട്. നിരവധി പേര്‍ വിവിധ കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ജപ്പാന്‍ സൈന്യം രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്കായി രംഗത്തെത്തി യിട്ടുണ്ട്. എന്നാല്‍ തുടര്‍ ചലനങ്ങളും സുനാമിയും ഉള്ളതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാകുവാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ ആണവ നിലയങ്ങള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. ടവറുകള്‍ ഉള്‍പ്പെടെ ഉള്ള നെറ്റ്‌വര്‍ക്കിങ്ങ് സംവിധാനങ്ങള്‍ക്ക് കേടുപാടുണ്ടായതിനെ തുടന്ന് ടെലിഫോണ്‍ അടക്കം ഉള്ള സാങ്കേതിക സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമായി.
തായ്‌വാന്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, റഷ്യ എന്നീ രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാനില്‍ ഉണ്ടായ സുനാമി തിരമാലകളെ തുടര്‍ന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും, ദേശീയ സുനാമി നിരീക്ഷണ കേന്ദ്രവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടക്കം ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളും ഏജന്‍സികളും ഇന്ത്യന്‍ തീരത്ത് സുനാമി തിരമാലകള്‍ ഉണ്ടാകുവാനുള്ള സാധ്യതയെ പറ്റി നിരീക്ഷിച്ചു വരികയാണ്. പ്രാഥമിക നിഗമനങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ തീരത്തെ സുനാമി ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.