മോസ്‌കോ: റഷ്യയിലെ വടക്കന്‍ കോക്കസസ് നഗരമായ ഡജിസ്ഥാനിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനങ്ങളില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ ആക്രമണവും കാര്‍ ബോംബ് സ്‌ഫോടനവുമാണ് നടന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
വസ്ത്രത്തിലൊളിപ്പിച്ച ബോംബുമായെത്തിയ വനിതാ ചാവേര്‍ ഗുബ്‌ദെന്‍ പോലീസ് സ്റ്റേഷനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ മോസ്‌കോയില്‍ നിന്നു 1631 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഇവിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ആദ്യ സംഭവം നടന്ന പോലീസ് പരിശോധന കേന്ദ്രത്തിനു സമീപമാണ് കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. ഇതില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവസ്ഥലം പോലീസിന്റെ നിയന്ത്രണത്തിലാണ്. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.