ന്യൂയോർക്ക് : സാൻഡി ചുഴലിക്കാറ്റ് അമേരിക്കൻ തീരങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തി വെയ്ക്കുമെന്ന കാലാവസ്ഥാ പ്രവചനങ്ങളെ തുടർന്ന് അമേരിക്ക ഭീതിയിലായി. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇരു സ്ഥാനാർത്ഥികളും തങ്ങളുടെ പ്രചരണ പരിപാടികൾ വരാനിരിക്കുന്ന ചുഴലിക്കാറ്റ് മൂലം മാറ്റി വെച്ചിരിക്കുകയാണ്. പൊതു ജന സുരക്ഷയേക്കാൾ തങ്ങൾക്ക് പ്രധാനം തെരഞ്ഞെടുപ്പ് പ്രചരണമാണ് എന്ന് ജനം കരുതിയാലോ എന്ന ആശങ്കയും ഇരു സ്ഥാനാർത്ഥികൾക്കും ഉണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ വസിക്കുന്ന കിഴക്കൻ അമേരിക്കയിലെ കോടിക്കണക്കിന് ജനങ്ങളോട് അധികൃതർക്ക് ഒഴിഞ്ഞു പോവാനല്ലാതെ മറ്റൊന്നും പറയുവാനുമില്ല. നോർത്ത് കാറൊലീന മുതൽ കണക്ടിക്കട്ട് വരെയുള്ള സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂയോർക്കിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ബസും തീവണ്ടിയും സരവീസ് നിർത്തി വെച്ചു. ഇന്ന് രാവിലെ മാത്രം മൂവായിരത്തിലേറെ വിമാനങ്ങൾ സർവീസുകൾ റദ്ദാക്കി.