അഭിനയത്തിന്റേയും അംഗീകാരങ്ങളുടേയും പുതിയ ആകാശങ്ങള്‍ തേടി പറന്ന നടി സൌന്ദര്യ ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ടു വര്‍ഷം തികയുന്നു. സൌന്ദര്യ എന്ന പേരിന് സൌന്ദര്യത്തോടൊപ്പം മികച്ച അഭിനയം കാഴ്ച വെക്കുന്നവള്‍ എന്നു കൂടെ അര്‍ഥമുണ്ടെന്ന് പ്രേക്ഷകന് മനസ്സിലാക്കി ക്കൊടുത്ത നടിയായിരുന്നു അവര്‍. സൌന്ദര്യ അഭിനയിച്ച ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മോഹന്‍ലാലിന്റെ നായികയായും, യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായും അവര്‍ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചു. ഏറനാട്ടിലെ യാഥാസ്ഥിതിക മുസ്ലിം പെണ്‍കൊടിയുടെ പ്രണയവും വിരഹവുമായിരുന്നു കിളിച്ചുണ്ടന്‍ മാമ്പഴത്തിലെങ്കില്‍ നാഗരിക യുവതിയുടെ തന്റേടവും ചുറുചുറുക്കുമാണ് യാത്രക്കരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലെ ജ്യോതി എന്ന കഥാപാത്രം പറയുന്നത്.
ഗന്ധര്‍വ്വ എന്ന ചിത്രത്തിലൂടെ 1992-ല്‍ ആണ് സൌന്ദര്യ സിനിമാഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രങ്ങളില്‍ തന്നെ ഭാഗ്യ നായിക എന്ന പേരു സമ്പാദിക്കുവാന്‍ അവര്‍ക്കായി. പിന്നീട് അമിതാഭ് ബച്ചനോടൊപ്പം പോലും നായികയായി അഭിനയിക്കുവാന്‍ അവസരം ലഭിച്ചു. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത് സൌന്ദര്യ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ദ്വീപ ദേശീയ പുരസ്കാരം നേടി.
2004 ഏപ്രില്‍ 17നു ബി. ജെ. പി. യുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ടതായിരുന്നു സൌന്ദര്യയും സംഘവും. പറന്നുയര്‍ന്ന് 30 സെക്കന്റുകള്‍ക്കകം സെസ്ന 180 എന്ന വിമാനം നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. ബാംഗ്ലൂരിനടുത്തുണ്ടായ ആ വിമാന ദുരന്തത്തില്‍ പൊലിഞ്ഞു പോയത് തെന്നിന്ത്യയിലെ മികച്ച ഒരു അഭിനേത്രി ആണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: accident, actress, obituary, remembrance