പ്രാഞ്ചിയേട്ടന്‍ ആന്റ് സെയ്ന്റ് എന്ന ചിത്രം ഫ്രഞ്ച് – ഇറ്റാലിയന്‍ ചിത്രത്തിന്റെ കോപ്പിയടി ആണെന്ന ആരോപണത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് രംഗത്തെത്തി. ആരോപണം ഉന്നയിച്ചവര്‍ തന്നെ അത് തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1952-ല്‍ ഇറങ്ങിയ ‘ലെ പെറ്ററ്റ് മോണ്ടെ ഡി ഡോണ്‍ കാമിലോ‘ എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് പ്രാഞ്ചിയേട്ടന്‍ എന്ന് ഒരു പ്രമുഖ പത്രം വാര്‍ത്ത നല്‍കിയിരുന്നു. പ്രസ്തുത ചിത്രവും പ്രാഞ്ചിയേട്ടനും ഒരുമിച്ച് പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തോട് തിരുത്ത് പ്രസിദ്ധീകരിക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറാകാത്തതിനാലാണ് പത്ര സമ്മേളനം വിളിച്ചതെന്നും രഞ്ജിത് പറഞ്ഞു. പത്ര സമ്മേളനത്തില്‍ തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണനും പങ്കെടുത്തു.
കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ പ്രാഞ്ചി എന്ന തൃശ്ശൂര്‍കാരന്‍ അരിക്കച്ചവടക്കാരന്റെ ജീവിതത്തിലൂടെ പണക്കാരുടെ പൊങ്ങച്ചങ്ങളും അബദ്ധങ്ങളുമാണ് രഞ്ജിത്ത് അവതരിപ്പിച്ചത്. എന്നാല്‍ കമ്യൂണിസ്റ്റ് കുടുംബത്തിലെ ഒരു യുവാവ് കത്തോലിക്കാ വിശ്വാസിയായ പെണ്‍കുട്ടിയെ പ്രണയിക്കുന്നതാണ് ഫ്രഞ്ച് – ഇറ്റാലിയന്‍ ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടനു നിരവധി അംഗീകാരങ്ങളും ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു പ്രാഞ്ചിയേട്ടൻ.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy, filmmakers, world-cinema