“എന്തു ചന്തമാണു പെണ്ണേ..
നിന്‍റെ പുഞ്ചിരി കാണുവാന്‍
എന്തൊരു സുന്ദരമാണു പൊന്നേ
നിന്‍റെ തേന്‍ മൊഴി കേള്‍ക്കുവാന്‍……”
ഹംദാന്‍ പാടുമ്പോള്‍ യുവ ഹൃദയങ്ങള്‍ ഏറ്റുപാടുന്നു.
മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും ഈ വരികളുടെ ദ്യശ്യാവിഷ്കാരം ദിവസവും നാം കാണുന്നു. മലയാളക്കര ഏറ്റു പാടുന്ന ഈ ഗാനം എഴുതി സംഗീതം നല്‍കി പാടിയിരിക്കുന്നത്, യുവ തലമുറയിലെ ശ്രദ്ധേയനായ ഗായകന്‍ ഹംദാന്‍ ആണ്.
മാപ്പിള പ്പാട്ടു ഗാന ശാഖയിലെ പുതിയ താരോദയം.
‘ടൈം പാസ്സ്’ റിലീസ് ചെയ്ത “അഴകേ കിനാവേ” എന്ന ആല്‍ബത്തിലെ ആറു പാട്ടുകള്‍ എഴുതി സംഗീതം ചെയ്തു കൊണ്ടാണ്, ഇശലുകളുടെ രാജകുമാരന്‍മാരും സുല്‍ത്താന്‍മാരും വാഴുന്ന ഈ ഗാന ശാഖയിലേക്ക് ഹംദാന്‍ കാലെടുത്തു വെച്ചത്. പ്രഗത്ഭര്‍ പാടിയ മറ്റു പാട്ടുകള്‍ക്കൊപ്പം “എന്തു ചന്തമാണ്…” എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന, ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികള്‍ക്ക് അനുയോജ്യമായ ചിത്രീകരണം കൂടി ആയപ്പോള്‍ ഈ ഗാനം, യുവ ഹൃദയങ്ങളോടൊപ്പം പഴയ തലമുറയിലെ ഗാനാസ്വാദകര്‍ക്കും ഏറെ ഇഷ്ടമായി.
പല പുതുമുഖ ഗായകര്‍ക്കും സംഭവിച്ചതു പോലെ, ആദ്യ സമയങ്ങളില്‍ ഈ ഹിറ്റു ഗാനം മറ്റു ചില ഗായകരുടെ പേരിലാണ് അറിയപ്പെട്ടത്. മാപ്പിള പ്പാട്ടുകള്‍ക്ക് ഏറെ ആസ്വാദകരുള്ള ഗള്‍ഫ് മണ്ണില്‍ ഈ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും ഹംദാന്‍ എന്ന ഈ കൊച്ചു ഗായകന്‍ വേണ്ട വിധം അംഗീകരിക്കപ്പെട്ടില്ല….!
ഇരുപതോളം ആല്‍ബങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വ്വഹിച്ച്, പ്രശസ്തരായ എം. ജി. ശ്രീകുമാര്‍, വിധു പ്രതാപ്, കണ്ണൂര്‍ ഷറീഫ്, അഫ്സല്‍, രഹ്ന, എന്നിവരില്‍ തുടങ്ങി, പുതിയ തലമുറയിലെ കൊല്ലം ഷാഫി, സലിം കോടത്തൂര്‍, താജുദ്ദീന്‍ വടകര, ആബിദ്, നിസാര്‍ വയനാട്, അമ്യത സുരേഷ് തുടങ്ങിയവരുമായി സഹകരിക്കുവാന്‍ കഴിഞ്ഞു.
മലബാര്‍ എക്സ്പ്രസ്സ്, ദില്‍ഹേ ഷാഫി, പ്രണയ സഖി, അരി മുല്ല പ്പൂങ്കാറ്റ്, പെരുന്നാള്‍ കിളി, എന്‍റെ സുന്ദരി ക്കുട്ടിക്ക്, നമ്മള്‍ തമ്മില്‍, കാത്തിരിക്കാം സഖി, എന്നിവ അതില്‍ ചിലതു മാത്രം. മലയാളത്തിലെ പ്രമുഖ കാസറ്റു കമ്പനികളുടെയെല്ലാം പുതിയ ആല്‍ബങ്ങളില്‍ ഹംദാന്‍റെ സാന്നിദ്ധ്യമുണ്ട് എന്നതു തന്നെ ഈ യുവാവിന്‍റെ ജന പ്രീതി വ്യക്തമാക്കുന്നു.
‘തേന്‍’ എന്ന വീഡിയോ ആല്‍ബത്തില്‍ ഹംദാന്‍ പാടി അഭിനയിച്ച ‘ശവ്വാലിന്‍ നീല നിലാവില്‍’ എന്ന ഗാനം ഇപ്പോള്‍ ചാനലുകളില്‍ വന്നു കൊണ്ടിരിക്കുന്നു. പ്രാദേശിക ചാനലുകളില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമുകളിലൂടെ കാണികള്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നതില്‍ ഈ ഗാനരംഗം മുന്‍പന്തിയിലാണ്.
ഗാലറി വിഷന്‍ അവതരിപ്പിക്കുന്ന ‘കാശ്മീരി’ എന്ന ആല്‍ബത്തിലെ “പ്രിയമാണ് പെണ്ണേ നിന്നെ കാണാന്‍….” എന്ന ഗാനത്തിലൂടെ ഹംദാന്‍ പുതിയ പ്രതീക്ഷകള്‍ നല്കുന്നു.
ഗാന ഗന്ധര്‍വന്റെ “പണ്ടവന്‍ തന്നുടെ ദീനില്‍ ഉള്‍ക്കൊണ്ട്…”എന്ന ഗാനമാണ് ആദ്യമായി ഹംദാന്‍ സ്റ്റേജില്‍ പാടുന്നത്. മുല്ലശ്ശേരി സെന്‍റ് ജോസഫ് എല്‍. പി. സ്കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, സ്കൂള്‍ കലോല്‍സ വത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ ഗാനം, ഉപ ജില്ലാ കലോത്സവത്തിലും ഹംദാന്‍ എന്ന ഗായകനെ ഒന്നാം സ്ഥാനത്ത് എത്തിച്ചു.
ജന്മ സിദ്ധമായ തന്‍റെ കഴിവുകള്‍ പരിപോഷിപ്പി ക്കുന്നതില്‍ മാതാ പിതാക്കളും അധ്യാപകരുമാണ് മുന്‍ കയ്യെടുത്തത് എന്ന് ഹംദാന്‍ പറയുന്നു. കൊച്ചു കുട്ടി ആയിരിക്കുമ്പോള്‍ തന്നെ പാട്ടുകള്‍ എഴുതി ട്യൂണ്‍ ചെയ്യുമായിരുന്നു. വന്മേനാട് മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്കുള്‍ യുവജനോ ത്സവത്തില്‍ മാപ്പിള പ്പാട്ടിന് എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം ലഭിച്ചത് ഹംദാനിലെ ഗായകന് ഒരു വഴിത്തിരിവായി.
പാടൂര്‍ അലീമുല്‍ ഇസ്ലാം ഹൈസ്കൂളിലെ പ്രധാനാ ദ്ധ്യാപകനാ യിരുന്ന ഷംസുദ്ധിന്‍ മാസ്റ്റര്‍ ഹംദാന്‍റെ കഴിവുകള്‍ കണ്ടറിഞ്ഞു പ്രോത്സാഹി പ്പിച്ചതിലൂടെയാണ് ഗാന രചയിതാവും സംഗീത സംവിധായകനും എന്നതി ലുപരി ഒരു ഗായകനായി ‘എന്തു ചന്തമാണു പെണ്ണേ’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനാക്കിയത്.
തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി തിരുനെല്ലൂര്‍ എന്ന ഗ്രാമത്തില്‍ പണിക്ക വീട്ടില്‍ ഹംസകുട്ടി / നദീറ ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവനായ ഈ ഇരുപതുകാരന്‍ ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
കലാ ജീവിതത്തില്‍ എറ്റവും അധികം തന്നെ പ്രോത്സാഹി പ്പിച്ചവര്‍ മാതാ പിതാക്കളും അദ്ധ്യാപകരും, സഹോദരന്‍ ഹര്‍ഷാദ്, സഹോദരി ഹബീയ എന്നിവരുമാന്നെന്ന് പറയുമ്പോള്‍, പാടൂര്‍ ലത്തീഫ് കുരിക്കള്‍, കാട്ടൂര്‍ ഓഡിയോ ലൈന്‍ ഇഖ്ബാല്‍, റഫീഖ് തൊഴിയൂര്‍, സുഹൃത്തുകള്‍ സഹ പ്രവര്‍ത്തകര്‍ എന്നിവരേയും നന്ദിയോടെ സ്മരിക്കുന്നു.
ഇപ്പോള്‍ അബൂദാബിയില്‍ എത്തിയിട്ടുള്ള ഹംദാന്‍ തന്‍റെ കഴിവുകള്‍ പ്രകടമാക്കാനുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
തന്‍റെ സ്കൂള്‍ ജീവിതത്തിലെ ചില അനുഭവങ്ങള്‍ വരികളിലാക്കിയ ഹംദാന്‍ ഹൃദയം തുറന്നു പാടുകയാണ്.
“മുഹബ്ബത്താലെ മുനീറാലെ നിന്നെ ക്കണ്ടിടാന്‍
നാളേറെയായി കണ്മണീ ഞാന്‍ കാത്തിരിപ്പാണേ
കൂട്ടു കൂടി ക്കളിച്ചതെല്ലാം നീ മറന്നുവോ!
പണ്ടു കടലാസു തോണി നമ്മള്‍ തുഴഞ്ഞതില്ലയോ…
മൊഞ്ചത്തി പ്പെണ്ണേ നീ മറയരുതേ..
എന്‍റെ സുന്ദരി പ്പൂവേ നീ അകലരുതേ….”
ഹംദാന്റെ ഈ മെയില്‍ : hamdu2008 at gmail dot com
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: music
ഹംദാന്‍… ഇനിയും നല്ല പാട്ടുകള്‍ പാടി വിജയിപ്പിക്കാന്‍ സാധിക്കട്ടെ…പട്ടുറുമാല്‍ കണ്ടിരുന്നു,നന്നായിരുന്നു.ചാനല്‍ പരിപാടിയില്‍ വിജയിക്കാന്‍ കഴിവല്ലല്ലോ മുഖ്യഘടകം…!
All The Best …
Hearty Congratulations on the new arrival !! My best wishes are always with you…Cheers, RAZEEN RASHEED