Wednesday, June 24th, 2009

ക്രിമിനല്‍ വാഴ്‌ച – പ്രിയദാസ്‌ ജി. മംഗലത്ത്‌

നിയമ നിര്‍മ്മാതാക്കളില്‍ മിക്കവരും നിയമ ലംഘകര്‍ കൂടി ആയാലോ? 2009 ജൂണ്‍ മാസം രണ്ടാം തീയതി 15-ാം ലോക്‌ സഭയിലെ 543 അംഗങ്ങളും ഭാരതത്തിന്റെ ഭരണ ഘടനയെയും നിയമ വ്യവസ്ഥയെയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും ഇന്ത്യാ രാജ്യത്തിലെ ജനങ്ങള്‍ക്കു വേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കുമെന്നും പ്രതിജ്ഞയെടുത്തു.

2009 ജൂണ്‍ ആറാം തീയതി ശനിയാഴ്‌ച വൈകുന്നേരം മഹാരാഷ്ട്ര ഒസ്‌മാനാബാദ്‌ നിയോജക മണ്ഡലത്തില്‍ നിന്ന്‌ ലോക്‌ സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട പദം സിങ്‌ ബാജി റാവു പാട്ടീലിനെ സി. ബി. ഐ. അറസ്റ്റു ചെയ്‌തു. തിരക്കേറിയ മുംബൈ – പുണെ എക്‌സ്‌പ്രസ്‌ ഹൈവേയില്‍ പവന്‍രാജ്‌ നിംബല്‍ക്കറെയും ഡ്രൈവര്‍ സാമുദ്‌ കാസിയെയും വെടി വെച്ചു കൊന്ന കേസിലാണ്‌ അറസ്റ്റ്‌. മൂന്നു വര്‍ഷം നീണ്ട അന്വേഷണ ങ്ങള്‍ക്കൊ ടുവിലാണ്‌ എല്ലാ തെളിവുകളുടെയും പിന്‍ബലത്തോടെ പദംസിങ്ങിനെ പിടിക്കാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞത്‌. എന്‍. സി. പി. സ്ഥാനാര്‍ഥിയായ ഈ ഇരട്ട ക്കൊലക്കേസ്‌ പ്രതിയെ നാലു ലക്ഷത്തി എണ്ണായിരത്തി എണ്ണൂറ്റി നാല്‍പതു പേര്‍ വോട്ടു ചെയ്‌ത്‌ ഇന്ത്യയിലെ 120 കോടി ജനങ്ങള്‍ക്ക്‌ നിയമങ്ങള്‍ നിര്‍മിക്കുന്ന ലോക്‌ സഭയിലേക്ക്‌ അയച്ചു.

ഇതു പോലെ കുറ്റ വാസനയുള്ള മറ്റാരെങ്കിലും എം. പി. യായി പാര്‍ലമെന്റില്‍ കടന്നു കൂടിയിട്ടുണ്ടോ എന്ന അന്വേഷണം നമ്മെ ക്കൊണ്ടെത്തി ക്കുന്നത്‌, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌ റിഫോംസ്‌ (എ. ഡി. ആര്‍.) എന്ന സംഘടന, ‘നാഷണല്‍ ഇലക്ഷന്‍ വാച്ച്‌’ എന്ന പേരില്‍ നടത്തിയ ഒരു തിരഞ്ഞെടുപ്പ്‌ വിശകലന പ്രക്രിയയുടെ രേഖകളിലേക്കാണ്‌.

ജാതി, മത, രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത ഒരു സ്വതന്ത്ര എന്‍. ജി. ഒ. ആണ്‌ എ. ഡി. ആര്‍. 1999ല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ അഹമ്മദാബാദിലെ ഏതാനും അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്നു രൂപവത്‌കരിച്ച എ. ഡി. ആര്‍. 2001 ലാണ്‌ ദേശീയമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌. പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സ്വത്തു വിവരവും വിദ്യാഭ്യാസ പശ്ചാത്തലവും തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങളും നോമിനേഷന്‍ പേപ്പറിനോടൊപ്പം സമര്‍പ്പിക്കണമെന്ന്‌ എ. ഡി. ആര്‍. ആവശ്യപ്പെട്ടപ്പോള്‍ 2001 ല്‍ ഡല്‍ഹി ഹൈക്കോടതിയും തുടര്‍ന്നുണ്ടായ അപ്പീലിന്‍ മേല്‍ 2003 ല്‍ സുപ്രീം കോടതിയും അത്‌ അംഗീകരിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിലെ വഴിത്തിരി വായിത്തീര്‍ന്ന ഈ വിധിയനുസരിച്ച്‌ സ്ഥാനാര്‍ഥികള്‍ സ്വയം ഒപ്പിട്ട്‌ നാമ നിര്‍ദേശ പത്രികയോടൊപ്പം കൊടുത്ത സാക്ഷ്യ പത്രത്തിലെ വിവരങ്ങള്‍ ശേഖരിച്ച്‌ വിശകലനം നടത്തി എ. ഡി. ആര്‍. പുറത്തു വിട്ട രേഖകളിലാണ്‌ 2009ല്‍ തിരഞ്ഞെടുക്കപ്പെട്ട എം. പി. മാരുടെ യഥാര്‍ഥ ചിത്രം നമുക്ക്‌ ലഭിക്കുന്നത്‌. ഈ രേഖകളനുസരിച്ച്‌ പതിനഞ്ചാം ലോക്‌ സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട 543 പേരില്‍ 153 പേര്‍ ക്രിമിനല്‍ കുറ്റം ആരോപിക്ക പ്പെട്ടവരാണ്‌. അതായത്‌, നമ്മുടെ നിയമ നിര്‍മാണ സഭയുടെ 29 ശതമാനം അംഗങ്ങള്‍ ദേശീയ, സംസ്ഥാന കുറ്റാന്വേഷണ ഏജന്‍സികളുടെ നിഗമനത്തില്‍ ശിക്ഷാര്‍ഹമായ രീതിയില്‍ നിയമ ലംഘനം നടത്തിയവരാണ്‌.

ക്രിമിനല്‍ പശ്ചാത്തലമുള്ള എം. പി. മാരുടെ എണ്ണത്തില്‍ ബി. ജെ. പി. ക്കാണ്‌ ഒന്നാം സ്ഥാനം. അവര്‍ക്ക്‌ ആകെയുള്ള 116 ലോക്‌ സഭാംഗങ്ങളില്‍ 43 പേര്‍ക്കെതിരായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതില്‍ തന്നെ 19 പേര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ്‌. ഭരണ കക്ഷിയായ കോണ്‍ഗ്രസ്സാണ്‌ രണ്ടാം സ്ഥാനത്ത്‌. 41 എം. പി. മാര്‍. സമാജ്‌ വാദി പാര്‍ട്ടിയുടെ 23 ലോക്‌ സഭാംഗങ്ങളില്‍ ഒന്‍പതു പേരും ക്രിമിനലുകളാണ്‌. അതില്‍ എട്ടു പേരും അതീവ ഗുരുതര കുറ്റക്കാരാണെന്ന്‌ പോലീസ്‌ പറയുന്നു. ശിവസേനയുടെ എം. പി. മാരില്‍ 73 ശതമാനം പേരും ക്രിമിനല്‍ കേസുമായി കോടതി കയറി യിറങ്ങുന്നവരാണ്‌. അതായത്‌, വിജയിച്ച 11 പേരില്‍ 8 പേരും നിയമത്തിന്റെ മുന്‍പില്‍ മാരകമായ കുറ്റങ്ങള്‍ ആരോപിക്ക പ്പെട്ടവരാണെന്ന്‌. ബി. എസ്‌. പി. യുടെ 21 എം. പി. മാരില്‍ ആറു പേരും ജനതാദളി (യു) ന്റെ 20 പേരില്‍ ഏഴു പേരും കുറ്റവാളികളുടെ പട്ടികയില്‍ വരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്‌, എന്‍. സി. പി., ഭാരതീയ ജനതാ ദള്‍ എന്നീ പാര്‍ട്ടികളുടെ നാല്‌ എം. പി. മാര്‍ വീതം ഗൗരവമായ നിയമ ലംഘനം നടത്തിയി ട്ടുള്ളവരാണ്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി, ഡി. എം. കെ., എ. ഐ. എ. ഡി. എം. കെ. എന്നിവര്‍ മൂന്നു ക്രിമിനലുകളെ വീതം ഇന്ത്യന്‍ പാര്‍ലമെന്റിനു സംഭാവന ചെയ്‌തിട്ടുണ്ട്‌. ജാര്‍ഖണ്ഡ്‌ മുക്തി മോര്‍ച്ചയുടെ രണ്ട്‌ എം. പി. മാരും അറിയപ്പെടുന്ന ക്രിമിനലുകളാണ്‌. അവരുടെ നേതാവ്‌ ഷിബു സോറന്‍ ഒന്നിലേറെ കൊലപാതകങ്ങളുടെ സൂത്രധാരനായിരുന്നു. ജാര്‍ഖണ്ഡ്‌ സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയായും ദേശീയ കാബിനറ്റ്‌ മന്ത്രിയായും അദ്ദേഹം നമ്മെ ഭരിച്ചിരുന്നുവെന്നും ഓര്‍ക്കുക. ഒന്നോ രണ്ടോ എം. പി. മാരുള്ള പാര്‍ട്ടികളും ക്രിമിനല്‍ പശ്ചാത്തല മുള്ളവരെത്ത ന്നെയാണ്‌ ലോക്‌ സഭാംഗങ്ങളാവാന്‍ നിയോഗിച്ചതെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു.

ബി. ജെ. പി. യും കോണ്‍ഗ്രസ്സും എന്‍. സി. പി. യും ശിവ സേനയും സമാജ്‌ വാദി പാര്‍ട്ടികളും ചേര്‍ന്നാണ്‌ പുതിയ ലോക്‌ സഭയുടെ കുറ്റാരോപിതരായ അംഗങ്ങളില്‍ 75 ശതമാനം പേരെയും തിരഞ്ഞെടുത്തയച്ചത്‌. സംസ്ഥാനാ ടിസ്ഥാനത്തി ലാണെങ്കില്‍ ഉത്തര്‍ പ്രദേശ്‌, മഹാരാഷ്ട്ര, ബിഹാര്‍, ആന്ധ്ര പ്രദേശ്‌, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 236ഓളം എം. പി. മാരില്‍ 42 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്‌. ഈ സംസ്ഥാനങ്ങളിലെ ഏതാണ്ട്‌ എല്ലാ നിയോജക മണ്ഡലങ്ങളിലും ലോക്‌ സഭയിലേക്കും നിയമ സഭയിലേക്കും ക്രിമിനലുകള്‍ മത്സരിക്കാറുണ്ട്‌. അവര്‍ വോട്ടര്‍മാരെ കൂട്ടത്തോടെ പോളിങ്‌ ബൂത്തുകളില്‍ എത്തിക്കാറുമുണ്ട്‌. ഇതില്‍ പകുതിയോളം പേര്‍ ജയിച്ചു വരാറുമുണ്ട്‌. ഉത്തര്‍ പ്രദേശില്‍ ഇത്തവണ വിജയിച്ച 31 ലോക്‌ സഭാംഗങ്ങള്‍ വിവിധ കേസുകളില്‍ പ്രതികളാണ്‌. അതായത്‌, ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജന സംഖ്യയില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന ഉത്തര്‍ പ്രദേശില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട എം. പി. മാരില്‍ 40 ശതമാനത്തോളം പേര്‍ ക്രിമിനല്‍ കേസില്‍ അകപ്പെട്ടവരാണ്‌. മഹാരാഷ്ട്ര യിലാകട്ടെ, ഇത്‌ 50 ശതമാനത്തി നടുത്താണ്‌. 48 എം. പി. മാരില്‍ 23 പേര്‍ പല അവസരങ്ങളിലായി നിയമ ലംഘനത്തിന്‌ പിടിക്കപ്പെട്ടവരാണ്‌. തൊട്ടടുത്തു നില്‍ക്കുന്ന ബിഹാറില്‍ 17 എം. പി. മാര്‍ കുറ്റാരോപിതരാണ്‌. ആന്ധ്ര പ്രദേശിലും ഗുജറാത്തിലുമായി 22 എം. പി. മാര്‍ കോടതി കയറിയി യിറങ്ങുന്നവരാണ്‌. കേരളത്തിലെ ആറ്‌ ലോക്‌ സഭാംഗങ്ങള്‍ക്ക്‌ എതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെങ്കിലും അവയെല്ലാം തന്നെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തല ത്തിലുള്ളതാണ്‌. ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ക്രിമിനല്‍ കേസുകള്‍ മിക്കതും അതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌.

പാര്‍ലമെന്റില്‍ അംഗങ്ങള്‍ സ്‌പീക്കറെ ധിക്കരിക്കുന്നതും നടുത്തളങ്ങ ളിലിറങ്ങി ബഹളം വെക്കുന്നതും ബില്ലുകള്‍ വലിച്ചു കീറി, അവതരിപ്പിച്ച മന്ത്രിമാരുടെ മുഖത്തേക്ക്‌ എറിയുന്നതും ചാനലുകളിലൂടെ ഭാരത ജനത കണ്ടിട്ടുണ്ട്‌. പാര്‍ലമെന്ററി വ്യവസ്ഥിതിയുടെ എല്ലാ മര്യാദകളും കാറ്റില്‍ പറത്തുന്ന ഈ എം. പി. മാര്‍ എല്ലാവരും ക്രിമിനല്‍ കേസില്‍ പ്രതികളാ ക്കപ്പെട്ടവരല്ല. മറിച്ച്‌, ക്രിമിനല്‍ പ്രവണതയുള്ള രാഷ്ട്രീയക്കാരാണ്‌. ഇവരുടെ പ്രൊഫഷന്‍ പൊതു ജന സേവനമാണ്‌. പൊതു ജനങ്ങളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടിയുള്ള പോരാട്ടത്തില്‍ ഇവര്‍ ഗുണ്ടായിസത്തെ കൂട്ടു പിടിക്കുന്നു. ഗുണ്ടകളുടെ വളര്‍ച്ച പരിശോധിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കളുമായുള്ള ഇവരുടെ അടുപ്പം നാം ശ്രദ്ധിക്കുന്നു. ഒരു സന്ദര്‍ഭത്തില്‍ രാഷ്ട്രീയ നേതാക്കള്‍ തന്നെ ഗുണ്ടാ നേതാക്കളായി രൂപാന്തരം പ്രാപിക്കുന്നതു കാണാം. സൂക്ഷ്‌മ പരിശോധ നയ്‌ക്കായി കൂടുതല്‍ രേഖകളും സമയവും ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ്‌ ഓഫീസറെ അനുയായി വൃന്ദത്തിന്റെ പിന്‍ബലത്തോടെ അസഭ്യ വര്‍ഷം കൊണ്ടും ധാര്‍ഷ്‌ട്യം നിറഞ്ഞ ശരീര ഭാഷ കൊണ്ടും ഒരു സ്ഥാനാര്‍ഥി (നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയ ശ്രീലാളിതനായി) ഭീഷണി പ്പെടുത്തുന്നത്‌ മലയാള ചാനലുകളൊക്കെ ത്തന്നെ പലവട്ടം സംപ്രേഷണം ചെയ്‌തതാണ്‌. പലപ്പോഴും ക്രിമിനലുകളുടെ രാഷ്ട്രീയ വത്‌കരണവും രാഷ്ട്രീയക്കാരുടെ ക്രിമിനലൈസേഷനും പരസ്‌പര പൂരകങ്ങളായി മാറുന്നു. ജാര്‍ഖണ്ഡിലെ പലമാവു നിയോജക മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട കാമേശ്വര്‍ ബൈത്തയുടെ പേരിലുള്ള കേസുകളുടെ എണ്ണം 35 ആണ്‌. ഏറ്റവും കൂടുതല്‍ കേസുകളില്‍ പ്രതിയാക്കപ്പെടുന്ന റെക്കോഡിന്‌ ഉടമയായ ഈ ലോക്‌ സഭാംഗം ജാര്‍ഖണ്ഡ്‌ മുക്തിമോര്‍ച്ചയുടെ മുതിര്‍ന്ന നേതാവാണ്‌.

ഗാന്ധിജിയുടെ നാടായ ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നു തിരഞ്ഞെടുക്ക പ്പെട്ടിരിക്കുന്ന വിത്തല്‍ഭായ്‌ ഹാന്‍സ്‌ രാജ്‌ ഭായ്‌ – രാധാദിയ 16 കേസുകളില്‍ പ്രതിയാണ്‌. ഉത്തര്‍ പ്രദേശിലെ മിര്‍സാപുര്‍ മണ്ഡലത്തിലെ ലോക്‌ സഭാംഗമായ ബാല്‍ കുമാര്‍ പട്ടേലിന്റെ പേരില്‍ പത്ത്‌ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണ്‌ ആരോപിക്ക പ്പെട്ടിരിക്കുന്നത്‌. അദ്ദേഹം സമാജ്‌ വാദി പാര്‍ട്ടിയുടെ പ്രതീക്ഷ നല്‍കുന്ന നേതാക്കളില്‍ ഒരാളായാണ്‌ കരുതപ്പെട്ടിരിക്കുന്നത്‌. ബിഹാറിലെ ജഹാനാബാദ്‌ ലോക്‌ സഭാംഗം ജഗദീശ്‌ ശര്‍മ, ഉത്തര്‍ പ്രദേശിലെ ഛന്ദൗളി നിയോജക മണ്ഡലത്തിലെ എം. പി. രാകിഷ്‌, ഗുജറാത്തിലെ പഞ്ച്‌ മഹല്‍ നിയോജക മണ്ഡലത്തിലെ ബി. ജെ. പി. നേതാവും ലോക്‌ സഭാംഗവുമായ പ്രതാപ്‌ സിങ്‌ ചൗഹാന്‍, ഉത്തര്‍ പ്രദേശിലെ ഫൂല്‍പുര്‍ നിയോജക മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ബി. എസ്‌. പി. നേതാവ്‌ കപില്‍ മുനി കര്‍വാര്യ തുടങ്ങിയ വര്‍ക്കെതിരെ ഐ. പി. സി. യിലെ ഗൗരവങ്ങളായ കുറ്റങ്ങളാണ്‌ ആരോപിക്ക പ്പെട്ടിരിക്കുന്നത്‌. മുന്‍ റെയില്‍വേ മന്ത്രിയും സരണ്‍ ലോക്‌ സഭാംഗവുമായ ലാലു പ്രസാദ്‌ യാദവിനെതിരെ ക്രിമില്‍ കേസുകള്‍ മാത്രം ഏഴെണ്ണം നിലവിലുണ്ട്‌. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇദ്ദേഹം നമ്മുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥികളില്‍ ഒരാളായിരുന്നുവെന്ന്‌ ഓര്‍ക്കുക.

ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്‌ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന സംശുദ്ധമായ വ്യക്തിത്വത്തി നുടമയാണെങ്കിലും അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ പത്ത്‌ മന്ത്രിമാരെങ്കിലും ഇന്ത്യന്‍ ശിക്ഷാ നിയമമ നുസരിച്ച്‌ കുറ്റം ചെയ്‌തതിന്‌ പിടിക്കപ്പെട്ടവരാണ്‌. ഭക്ഷ്യ സംസ്‌കരണ വകുപ്പ്‌ മന്ത്രി സുബോധ്‌ കാന്ത്‌ സഹായ്‌ ഐ. പി. സി. 143, 188, 283, 353 എന്നീ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ നടപടികള്‍ നേരിടുന്നയാളാണ്‌. സാമൂഹിക ക്ഷേമ വകുപ്പ്‌ മന്ത്രി മുകുള്‍ വാസ്‌നി ക്കിനെതിരായി ചാര്‍ജ്‌ ചെയ്യപ്പെട്ടിട്ടുള്ള വകുപ്പുകള്‍ 147, 149, 341 എന്നിവയാണ്‌. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി കേന്ദ്ര മന്ത്രി സഭയിലുള്ള സിസിര്‍ കുമാര്‍ അധികാരി മാരകായു ധങ്ങളുമായി ആളുകളെ ആക്രമിച്ചതിന്‌ അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. ഉത്തര്‍ പ്രദേശിലെ ഝാന്‍സി നിയോജക മണ്ഡലത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ വിജയിച്ച്‌ മന്ത്രി സ്ഥാനം കരസ്ഥമാക്കിയ പ്രദീപ്‌ കുമാര്‍ ജയിനിനെതിരായി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലി ചെയ്യാന്‍ അനുവദി ക്കാതിരിക്കല്‍, കടന്നാ ക്രമണങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച്‌ ഐ. പി. സി. 147, 283, 322, 341, 447 എന്നീ വകുപ്പുകള്‍ പ്രകാരം ഉത്തര്‍ പ്രദേശ്‌ പോലീസ്‌ കേസ്‌ എടുത്തിട്ടുണ്ട്‌. രാഹുല്‍ ഗാന്ധിയുടെ വിഷന്‍ – 2012 അനുസരിച്ച്‌ ഇന്ത്യയുടെ ഭാവി വാഗ്‌ദാനമാണ്‌ 47-കാരനായ പ്രദീപ്‌ കുമാര്‍ ജയിന്‍!

153 എം. പി. മാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാ ണെങ്കില്‍ അതില്‍ 84 പേര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റം ആരോപി ക്കപ്പെട്ടവരാണ്‌. 2009-ല്‍ കുറ്റാരോപിതരുടെ എണ്ണം 2004-നെക്കാള്‍ 20 ശതമാനം കൂടുതലാണെന്നത്‌ അപകടകരമായ ഒരു ചൂണ്ടു പലകയാണ്‌. പിടിച്ചു പറി, കൊള്ളി വെപ്പ്‌, കൊലപാതകം തുടങ്ങിയ കേസുകളില്‍ പ്രതിയാക്കപ്പെട്ട ലോക്‌ സഭാംഗങ്ങളുടെ എണ്ണം 2004-ല്‍ 55 ആയിരുന്നെങ്കില്‍, 2009 ആയപ്പോഴേക്കും അത്‌ 74 ആയി വര്‍ധിച്ചു. എം. പി. മാരുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി . 424-ല്‍ നിന്ന്‌ 464-ലേക്ക്‌ അത്‌ ഉയര്‍ന്നു. കോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ കാര്യം മാത്രമാണ്‌ ഇതെന്ന്‌ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്‌. തെളിവുകളുടെ അഭാവം മൂലം ശിക്ഷകളില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട കുറ്റാരോപിതരുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ ഒരു പക്ഷേ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമോന്നത വേദിയില്‍ പരിലസിക്കുന്നവരില്‍ പകുതി പേരുടെയെങ്കിലും ബയോഡാറ്റ അഭിമാനിക്കാവു ന്നതായിരി ക്കുകയില്ല. പണം വാങ്ങി ഒത്തു കളിച്ച്‌ ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയ നമ്മുടെ മുന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ അസറുദ്ദീന്‍ 49,107 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ഭരണ സിരാ കേന്ദ്രത്തിലെ ത്തിയിരിക്കുന്നത്‌. അഴിമതി ഉള്‍പ്പെടെയുള്ള സിവില്‍ കേസുകളിലെ പ്രതികളുടെ ഒരു പട്ടിക തയ്യാറാക്കിയാല്‍ അഴിമതിക്കാരുടെയും ക്രിമിനലുകളുടെയും ഇടത്താവളമോ സ്ഥിരം താവളമോ ആണ്‌ ലോക്‌ സഭ എന്ന നിഗമനത്തില്‍ എത്തി ച്ചേരേണ്ടി വരും.

ഭൂമിയിലെ ഏറ്റവും വലിയ മാമാങ്കം എന്നാണ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ 2009-ലെ ഇന്ത്യയിലെ തിരഞ്ഞടുപ്പിനെ വിശേഷിപ്പിച്ചത്‌. 15-ാം ലോക്‌ സഭയിലേക്ക്‌ എഴുപത്തിയൊന്നു കോടി നാല്‌പതു ലക്ഷം വോട്ടര്‍മാരാ ണുണ്ടായിരുന്നത്‌. സ്വതന്ത്രമായ തിരഞ്ഞെടുപ്പ്‌ നടക്കുന്ന അമേരിക്ക യുള്‍പ്പെടെയുള്ള പരിഷ്‌കൃത ജനാധിപത്യ രാജ്യങ്ങളിലൊന്നും 50 ശതമാനം ആളുകള്‍ പോലും തങ്ങളുടെ സമ്മതി ദാനാവകാശം വിനിയോഗിക്കാറില്ല എന്ന്‌ നമുക്കറിയാം. പക്ഷേ, ഭാരതത്തില്‍ ഇക്കുറി വോട്ടു ചെയ്‌തവരുടെ ശതമാനം 58-നു മുകളിലാണ്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷണറായ ഡോ. ഷഹാബുദ്ദീന്‍ യാക്കൂബ്‌ ഖുറേഷി ബഹ്‌റൈന്‍ ടെലഗ്രാഫി ന്റെ മുഖ്യ പത്രാധിപര്‍ സോമന്‍ ബേബിക്ക്‌ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്‌, 90 ലക്ഷം തിരഞ്ഞെടുപ്പ്‌ നിരീക്ഷകരാണ്‌ തിരഞ്ഞെടുപ്പ്‌ നീതി പൂര്‍വകവും സ്വതന്ത്രവുമാക്കാന്‍ നിയോഗി ക്കപ്പെട്ടിരുന്നത്‌ എന്നാണ്‌. എട്ടു ലക്ഷത്തി മുപ്പത്തി അയ്യായിരം പോളിങ്‌ സ്റ്റേഷനുകളിലായി പന്ത്രണ്ടു ലക്ഷം വോട്ടിങ്‌ യന്ത്രങ്ങളാണ്‌ 543 അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ ഉപയോഗിച്ചത്‌. കഴിവുറ്റ രീതിയില്‍ പരാതികള്‍ പരമാവധി പരിഹരിച്ച്‌ ഇലക്ഷന്‍ സുതാര്യവും സ്വതന്ത്രവുമാക്കാന്‍ അക്ഷീണം പരിശ്രമിച്ച തിരഞ്ഞെടുപ്പ്‌ കമ്മീഷനെ അഭിനന്ദിച്ചേ പറ്റൂ. ന്യൂയോര്‍ക്ക്‌ ടൈംസ്‌ അഭിപ്രായ പ്പെട്ടതു പോലെ സത്യമായും ഇത്‌ ഭൂമിയിലെ ഏറ്റവും വലിയ മാമാങ്കമായിരുന്നു. ഇവിടെ ഉയരുന്ന ചോദ്യമിതാണ്‌. ഇത്ര ഒരുക്കങ്ങളോടും സന്നാഹങ്ങളോടും കൂടി നടത്തിയ സുതാര്യവും സ്വതന്ത്രവും നീതി പൂര്‍വകവുമായ പ്രക്രിയയിലൂടെ തിരഞ്ഞടുക്കപ്പെടുന്ന ലോക്‌ സഭയുടെ അംഗങ്ങളുടെ ജീവ ചരിത്രം പഠിക്കേണ്ട സമയമായില്ലേ? കുറ്റവാളികള്‍ നിയമ നിര്‍മാണം നടത്തുന്ന ഒരു പാര്‍ലമെന്റാണോ നമുക്ക്‌ ആവശ്യം?

സ്വന്തം ജീവിതം പൊതു ജനങ്ങള്‍ക്കായി സമര്‍പ്പിച്ചിട്ടുള്ള കുറെയധികം എം. പി. മാരും നമുക്കുണ്ട്‌. അവരെ കാണാതി രിക്കുകയല്ല മറിച്ച്‌, അവരുടെ എണ്ണം കുറഞ്ഞു വരികയാണ്‌ എന്ന സത്യം ബോധിപ്പിക്കുക മാത്രമാണ്‌ ഇവിടെ ചെയ്യുന്നത്‌. മറ്റുള്ളവര്‍ക്കായി തങ്ങളുടെ മുഴുവന്‍ സമയവും മാറ്റി വെക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ വംശ നാശം ത്വരപ്പെടുത്തി ക്കൊണ്ട്‌ മാന്യതയ്‌ക്കും സുരക്ഷിത ത്വത്തിനുമായി കുറ്റവാളികള്‍ ലോക്‌ സഭയെ തങ്ങളുടെ താവളമാക്കി ക്കൊണ്ടിരിക്കുന്നു. 70 കോടിയിലേറെ ജനങ്ങളുടെ ദിവസ വരുമാനം 30 രൂപയില്‍ താഴെയാ ണെന്നിരിക്കെ, 30 മുതല്‍ 36 ലക്ഷം രൂപ വരെയാണ്‌ ഒരു ലോക്‌ സഭാംഗത്തിനു വേണ്ടി ഒരു വര്‍ഷം പൊതു ഖജനാവില്‍ നിന്ന്‌ അപ്രത്യക്ഷമാകുന്നത്‌. ശമ്പളം, ഡല്‍ഹിയിലെ താമസം, ഭാര്യയെയോ (ഭര്‍ത്താവിനെയോ) പ്രൈവറ്റ്‌ സെക്രട്ടറിയെയോ കൂട്ടി ട്രെയിനില്‍ ഒന്നാം ക്ലാസിലും വിമാനത്തില്‍ ബിസിനസ്‌ ക്ലാസിലുമുള്ള യാത്രകള്‍, വൈദ്യുതി, ടെലഫോണ്‍ ബില്ലുകള്‍ അടക്കമുള്ള ഗൃഹ, ഓഫീസ്‌ ചെലവുകള്‍ എല്ലാം ചേര്‍ന്ന്‌ 855 – 1000 കോടി രൂപയാണ്‌ 5 വര്‍ഷത്തേക്ക്‌ 543 എം. പി. മാര്‍ക്ക്‌ ചെലവഴിക്കാനുള്ള തുക. അറിയപ്പെടുന്ന ക്രിമിനലുക ളടക്കമുള്ളവരാണ്‌ ഈ 543 പേര്‍ എന്നു മറക്കരുതെന്നു മാത്രം.

പ്രിയദാസ്‌ ജി. മംഗലത്ത്‌


ജൂണ്‍ 21ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം. മാതൃഭൂമിയുടെ അനുവാദത്തോടെ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

ഈ ലേഖനം മാതൃഭൂമിയില്‍ ഇവിടെ വായിക്കാം

ലേഖനം പൂര്‍ണ്ണമായി പി.ഡി.എഫ്. രൂപത്തില്‍ മാതൃഭൂമിയില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രിയദാസ്‌ ജി. മംഗലത്ത്‌

ലോകമെമ്പാടും നാല്‍പ്പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സ്ഥാപക അംഗമാണ് പ്രിയദാസ് ജി. മംഗലത്ത്. വിദേശ മലയാളികള്‍ക്കായി ആരംഭിച്ച ആദ്യ കാല വെബ് പോര്‍ട്ടലായ കേരള്‍ ഡോട്ട് കോം ന്റെ ഡയറക്ടര്‍, തിരുവനന്തപുരം ടെക്നോപാര്‍ക്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകോത്തര സോഫ്റ്റ് വെയര്‍ കമ്പനിയായ ഗില്‍ഡ് സോഫ്റ്റിന്റെ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം അയ്യപ്പപണിക്കര്‍ ഫൌണ്ടേഷന്റെ സെക്രട്ടറി കൂടിയാണ്.


- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine