ഗോധ്ര : സബര്‍മതി എക്സ്പ്രസ് തീവണ്ടിയില്‍ കത്തി ചാമ്പലായ യാത്രക്കാരുടെയും കേസില്‍ പോലീസ് പിടിയിലായി കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജയിലില്‍ കഴിയുന്നവരുടെയും കുടുംബങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗോധ്ര കേസില്‍ ഇന്ന് കോടതി വിധി പറയും. എല്ലാവരും ഉറ്റു നോക്കുന്ന ആചോദ്യതിനും ഇന്ന് ഉത്തരമുണ്ടാകും : തീവണ്ടിക്ക് തീ കൊളുത്തിയതാണോ അതോ അത് കേവലം ഒരു അപകടം മാത്രമായിരുന്നുവോ? പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ സഹായത്തോടെ നേരത്തെ പദ്ധതിയിട്ടു നടപ്പിലാക്കിയ ഒരു ഭീകര ആക്രമണമാണ് സംഭവം എന്നാണ് പോലീസ് കേസ്. കര്‍ സേവകര്‍ യാത്ര ചെയ്ത ബോഗിയിലേക്ക് പെട്രോള്‍ കാനുകള്‍ എത്തിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് കുറ്റപത്രം. 134 പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇതില്‍ 16 പേരെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. തെളിവില്ല എന്ന കാരണത്താല്‍ 13 പേരെ വിട്ടയച്ചു. 15 പേര്‍ ജാമ്യത്തില്‍ ഇറങ്ങി. ബാക്കി 80 പേര്‍ ജയിലില്‍ കഴിയുന്നു. 59 കാര്‍ സേവകരാണ് അന്ന് വെന്തു മരിച്ചത്.
കര്‍ സേവകരെ വധിക്കാനുള്ള ഗൂഡാലോചന യുടെ ഭാഗമായി നടപ്പിലാക്കിയ ആക്രമണമാണ് തീവണ്ടിയിലെ തീപിടിത്തം എന്ന് സംഭവം നടന്ന ഉടന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബി. ജെ. പി. യും പ്രഖ്യാപിച്ചത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. സംസ്ഥാന ഭരണകൂടം ഇത്തരമൊരു പ്രഖ്യാപനം നടത്തിയതോടെ കേസിന്റെ അന്വേഷണം ഈ ആരോപണം തെളിയിക്കുവാന്‍ ഉള്ള ശ്രമമായി മാറുകയായിരുന്നു എന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷനും പോലീസ് കേസിനെ അനുകൂലിച്ചു.
ഇന്ന് വരാനിരിക്കുന്ന സെഷന്‍സ് കോടതിയുടെ വിധിയ്ക്കെതിരെ സുപ്രീം കോടതിയില്‍ പോവാമെങ്കിലും ഈ കേസിനെ ചുറ്റിപറ്റി നടന്നു വരുന്ന ചര്‍ച്ചയില്‍ ഒരു നിര്‍ണ്ണായക സ്വാധീനമാവും ഇന്നത്തെ വിധി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, കോടതി, തീവ്രവാദം, വിവാദം