സ്ത്രീയുടെ സൗന്ദര്യം അവളുടെ തൊലി വെളുപ്പിലാണ് എന്ന ചിന്താഗതിയെ സമൂഹ മനസ്സിൽ അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളെ സ്ത്രീ സംഘടനകൾ എന്നും എതിർത്ത് പോന്നിട്ടുണ്ട്. ഇത് താരതമ്യേന തൊലി വെളുപ്പ് കുറഞ്ഞ സ്ത്രീകൾക്ക് അപകർഷതാ ബോധം സൃഷ്ടിക്കുകയും വിവാഹ കമ്പോളത്തിൽ ഇവർക്ക് ആവശ്യം കുറയുവാൻ കാരണമാകുകയും ചെയ്യുന്നു എന്നാണ് പരാതി. മാത്രവുമല്ല ഇന്ത്യയെ പോലെ സ്ത്രീധന സമ്പ്രദായം നില നിൽക്കുന്ന സമൂഹങ്ങളിൽ വെളുപ്പ് കുറഞ്ഞ സ്ത്രീകൾക്ക് കൂടുതൽ സ്ത്രീധനം നൽകേണ്ടതായും വരുന്നത് മൂലം കേവലം സാമൂഹികം മാത്രമല്ല സാമ്പത്തിക സമസ്യകൾക്ക് കൂടി ഇത് കാരണമായി വരുന്നു.
തൊലി വെളുപ്പ് വർദ്ധിപ്പിക്കുവാനുള്ള ഉൽപ്പന്നങ്ങളുടെ വൻ സമ്പത്തിക വിജയം ഇത്തരം ഉൽപ്പന്നങ്ങളുടെ എണ്ണം വിപണിയിൽ വർദ്ധിപ്പിക്കുവാനും ഇടയാക്കി. മനുഷ്യന്റെ അപകർഷതാ ബോധത്തെ ചൂഷണം ചെയ്ത് ഒട്ടേറെ പുതിയ ബ്രാൻഡുകൾ അടുത്ത കാലത്തായി വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിൽ പുരുഷന്മാരെ ലക്ഷ്യമാക്കിയും ചില ഉൽപ്പന്നങ്ങൾ അടുത്ത കാലത്തായി പുറത്തു വന്നിരുന്നു.
ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി രംഗത്തു വന്ന ഉൽപ്പന്നമാണ് സ്വകാര്യ ഭാഗങ്ങളിലെ തൊലി വെളുപ്പിക്കുവാനുള്ള ലായനി. ഇത് ഉപയോഗിച്ച് കഴുകിയാൽ നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ തൊലിയുടെ വെളുപ്പ് വർദ്ധിക്കും എന്ന് ഈ ഉൽപ്പന്നത്തിന്റെ പരസ്യം വിശദീകരിക്കുന്നു. ഇതോടെ പുരുഷന് തന്നിലുള്ള ആകർഷണം വർദ്ധിക്കും എന്നും പരസ്യം സൂചിപ്പിക്കുന്നു.
ഇത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് വിവിധ സ്ത്രീ സംഘടനകൾ പ്രതികരിച്ചു. തൊലി വെളുപ്പിനുള്ള പരസ്യം തന്നെ വിവേചനപരമാണ് എന്ന കാരണത്താൽ തങ്ങൾ എതിർക്കുമ്പോഴാണ് ഇപ്പോൾ തികച്ചും അപമാനകരമായ ഈ പുതിയ ഉൽപ്പന്നം എത്തിയിരിക്കുന്നത്.
എന്നാൽ തൊലി വെളുപ്പിന്റെ കാര്യത്തിൽ കാണിക്കുന്ന പ്രതിഷേധം പലപ്പോഴും പൊള്ളയാണെന്ന് ആരോപണമുണ്ട്. ഇത്തരത്തിൽ പൊതു വേദികളിൽ പ്രതിഷേധിക്കുന്നവർ തന്നെ ഇത്തരം ഉൽപ്പന്നങ്ങൾ തങ്ങളുടെ കടകളിൽ നിന്ന് വൻ തോതിൽ വാങ്ങിക്കൊണ്ടു പോകുന്നതായി കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, സ്ത്രീ, സ്ത്രീ വിമോചനം
അസൂയ!!