മുംബൈ : പന്ത്രണ്ടു കാരിയായ മീനയെ ഗ്രാമത്തിലെ പരിചയമുള്ള ഒരു സ്ത്രീയാണ് ഉത്സവം കാണിക്കാന്‍ കൊണ്ട് പോയത്. ഉത്സവ പറമ്പില്‍ മറ്റൊരു സ്ത്രീയും അവരുടെ കൂടെ കൂടി. വിശക്കുന്നില്ലേ എന്ന് ചോദിച്ചു ആ സ്ത്രീ നല്‍കിയ ബിസ്ക്കറ്റ് കഴിച്ചത് മാത്രമേ മീന ഓര്‍ക്കുന്നുള്ളൂ. ബോധം വീണപ്പോള്‍ മീന ബോംബെയിലെ ചുവന്ന തെരുവില്‍ എത്തിയിരുന്നു.
അനിതയെ സിനിമ കാണാന്‍ കൊണ്ട് പോയത് തന്റെ കൂടെ സ്ക്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി തന്നെയാണ്. സിനിമ കാണാന്‍ രണ്ടു പുരുഷന്മാരും അവരുടെ കൂടെ ചേര്‍ന്നു. തനിക്ക് പരിചയമുള്ള ആള്‍ക്കാരാണ് എന്ന് സുഹൃത്ത് അവരെ പരിചയപ്പെടുത്തിയപ്പോള്‍ അനിത കൂടുതലൊന്നും ചിന്തിച്ചില്ല. എന്നാല്‍ ഭക്ഷണത്തില്‍ എന്തോ മരുന്ന് ചേര്‍ത്ത് നല്‍കി ഇരുവരെയും അവര്‍ മയക്കി. ബോധം തെളിഞ്ഞപ്പോള്‍ അവര്‍ ബോംബെയിലെ കുപ്രസിദ്ധമായ കാമാട്ടിപുരയില്‍ എത്തിയിരുന്നു.
കാമാട്ടിപുരയിലെ ചുവന്ന തെരുവ്
പത്തൊന്‍പതുകാരിയായ മൈലിയുടെ മകള്‍ക്ക് സുഖമില്ലാതായ വിവരം അറിഞ്ഞ് പട്ടണത്തിലുള്ള നല്ല ഡോക്ടറുടെ അടുത്ത് കൊണ്ട് പോകാന്‍ സഹായത്തിന് എത്തിയ ഗ്രാമത്തിലെ പരിചയമുള്ള ചെറുപ്പക്കാരന്‍ പെപ്സിയില്‍ മയക്കു മരുന്ന് ചേര്‍ത്ത് നല്‍കി. ബോധം വന്നപ്പോള്‍ മൈലിയും മകളും ബോംബെയിലെ ഒരു വേശ്യാലയത്തില്‍ എത്തിയിരുന്നു. ഒന്‍പതു വര്‍ഷത്തോളം പരിചയം ഉണ്ടായിരുന്ന അയാള്‍ തന്നെ 50,000 രൂപയ്ക്കാണ് വിറ്റത് എന്ന് മൈലി പറഞ്ഞു.
ഏഴു വയസുള്ള ജിനയെ തട്ടിക്കൊണ്ടു വന്ന ആദ്യ രാത്രി പതിനാല് പേരാണ് അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്തത്. ഇതിനു ശേഷം വടികളും അലൂമിനിയം ദണ്ഡുകളും കൊണ്ട് അവളെ അവര്‍ മര്‍ദ്ദിച്ചു അവശയാക്കി.
ഐക്യ രാഷ്ട്ര സഭയുടെ കണക്ക് പ്രകാരം പ്രതിദിനം ലോകമെമ്പാടും നിന്ന് 2500 സ്ത്രീകളും കുട്ടികളും കാണാതാവുകയും ഇത്തരം ചുവന്ന തെരുവുകളില്‍ എത്തുകയും ചെയ്യുന്നു.
ഇരുട്ട് മുറികളില്‍ അടച്ച് മര്‍ദ്ദിച്ചും, പട്ടിണിക്കിട്ടും, സിഗരറ്റ് കൊണ്ട് പൊള്ളിച്ചും, ക്രൂരമായ ബലാല്‍സംഗത്തിന് ഇരകളാക്കിയും, കൂടെ തട്ടിക്കൊണ്ടു വന്ന സ്വന്തം കുട്ടികളെ ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയും ഒക്കെ ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ മാംസക്കച്ചവടത്തിനായി അവര്‍ മാനസികമായി തയ്യാറാക്കുന്നു.
ബോംബെയിലെ കാമാട്ടിപുരയില്‍ മാത്രം രണ്ടു ലക്ഷത്തിലേറെ കുട്ടികള്‍ ഇത്തരത്തില്‍ കഴിയുന്നു എന്നാണ് കണക്ക്. ഗര്‍ഭ നിരോധന ഉറകള്‍ ധരിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ആവാത്ത ഇവരില്‍ 80 ശതമാനം പേരും എച്ച്. ഐ. വി. ബാധിതരാണ്.
ഇവരുടെ കഥ ഒളി ക്യാമറകള്‍ വഴി പകര്‍ത്തി നിര്‍മ്മിച്ച സിനിമയാണ് “ദ ഡേയ് മൈ ഗോഡ് ഡൈഡ് ” (The Day My God Died). തന്നെ തട്ടിക്കൊണ്ടു വന്ന ദിവസം തന്റെ ദൈവം മരിച്ചതായി ഒരു കൊച്ചു പെണ്‍കുട്ടി പറഞ്ഞതാണ് ഈ ചിത്രത്തിന്റെ പേരായി മാറിയത്.
ഈ ചിത്രം കണ്ട ഒരു പാട് പേര്‍ ഈ കുട്ടികളുടെ സഹായത്തിന് എത്തുകയുണ്ടായി. ഇവരെ സഹായിക്കുന്നത് എങ്ങനെ എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കുട്ടികള്‍, പീഡനം, മനുഷ്യാവകാശം, സ്ത്രീ, സ്ത്രീ വിമോചനം
keralathi red street sthapikanam