ന്യൂഡല്‍ഹി: 2014-ലെ ലോൿസഭാ തിരഞ്ഞെടുപ്പില്‍ ബി. ജെ. പി. യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പാര്‍ട്ടി പാർളിമെന്ററി ബോര്‍ഡ് തീരുമാനിച്ചു. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങ് മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ളമെന്ററി ബോര്‍ഡ് യോഗത്തില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു എങ്കിലും മുതിര്‍ന്ന നേതാവ് എൽ. കെ.അഡ്വാനി പങ്കെടുത്തില്ല.
നരേന്ദ്ര മോഡിയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തില്‍ അഡ്വാനിയ്ക്ക് അസംതൃപ്തിയുണ്ട്. എന്നാല്‍ മോഡിയുടെ ദേശീയ നേതൃത്വത്തിലേക്കുള്ള കടന്നു വരവിന് ആർ. എസ്. എസ്. ഉള്‍പ്പെടെ സംഘപരിവാര്‍ സംഘടനകളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. “2014-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി എല്ലാ ശ്രമങ്ങളും നടത്തും. പാര്‍ട്ടി എനിക്ക് ഒട്ടേറെ അവസരങ്ങള്‍ നല്‍കി. പുതിയ ഉത്തരവാദിത്വം പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും ഉന്നമനത്തിനായി വിനിയോഗിക്കും” പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം മോഡി പറഞ്ഞു.
നവമ്പറില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മതി മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം എന്ന് അഡ്വാനി പക്ഷത്തെ നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആർ. എസ്. എസ്. ഇത് നിരാകരിച്ചു. നേരത്തെ പ്രഖ്യാപിച്ചാല്‍ മോഡിയ്ക്ക് പ്രവര്‍ത്തിക്കുവാന്‍ കൂടുതല്‍ സമയം ലഭിക്കും എന്നാണ് മോഡിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.
ഹിന്ദുത്വ വാദികളുടെ പിന്തുണയുണ്ടെങ്കിലും കടുത്ത വെല്ലുവിളികളാണ് നരേന്ദ്ര മോഡിയെ കാത്തിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും എൽ. കെ. അഡ്വാനിയെ പോലുള്ള മുതിര്‍ന്ന നേതാവിന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടേയും എതിര്‍പ്പ്. ഗുജറാത്ത കലാപത്തിന്റെ പേരില്‍ മോഡിയ്ക്ക് മേല്‍ നിലനില്‍ക്കുന്ന ആരോപണങ്ങൾ, എൻ. ഡി. എ. യിലെ ചില ഘടക കക്ഷികളില്‍ നിന്നും ഇനിയും മോഡിയ്ക്ക് അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. ബി. ജെ. ഡി., തൃണമൂല്‍ തുടങ്ങിയ കക്ഷികള്‍ ന്യൂനപക്ഷ വോട്ടുകളുടെ ബലത്തിലാണ് രാഷ്ടീയമായ അടിത്തറ കെട്ടിപ്പൊക്കിയിട്ടുള്ളത്. മോഡിയെ അംഗീകരിക്കുവാന്‍ അവര്‍ക്ക് വിമുഖതയുണ്ടാകും. തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി. ജെ. പി. ക്ക് കാര്യമായ ശക്തിയില്ല. ഏക പ്രതീക്ഷ കര്‍ണ്ണാടകയാണ്. അവിടെയാകട്ടെ തമ്മിലടി കാരണം ബി. ജെ. പി. ക്ക് ഭരണം നഷ്ടപ്പെടുകയു ചെയ്തു. യദിയൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ ബി. ജെ. പി. ക്ക് സംഭവിച്ച പിളര്‍പ്പും തിരഞ്ഞെടുപ്പിനു മുമ്പ് പരിഹരിക്കേണ്ടതായുണ്ട്. ഹിന്ദു വികാരം ഉണര്‍ത്തിയതു കൊണ്ടു മാത്രം മോഡിക്ക് പ്രധാനമന്ത്രിയായി ജയിച്ചു കയറുവാന്‍ സാധ്യമല്ല. അഴിമതിയും, വിലക്കയറ്റവും മൂലം കോണ്‍ഗ്രസ്സിനെതിരെ രാജ്യമെങ്ങും ഉയര്‍ന്നിട്ടുള്ള ജന വികാരം വോട്ടാക്കി മാറ്റുന്നതില്‍ എത്രമാത്രം വിജയിക്കും എന്നതിനനുസരിച്ചായിരിക്കും മോഡിയുടെ പ്രധാനമന്ത്രി പദം നിശ്ചയിക്കപ്പെടുക.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, തീവ്രവാദം, പോലീസ് അതിക്രമം, മനുഷ്യാവകാശം