അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോഡി കേസിൽ കുടുക്കി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത ഐ. പി. എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ പത്നി ശ്വേതാ ഭട്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നു. ഇന്നലെ മോഡിയും ശ്വേതയും മണിനഗർ നിയോജക മണ്ഡലത്തിൽ മൽസരിക്കാനായി തങ്ങളുടെ നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചു.
തനിക്കെതിരെ സഞ്ജീവ് ഭട്ടിനെ ഉപയോഗിക്കുന്നത് കോൺഗ്രസ് ആണെന്ന് ഇതോടെ തെളിഞ്ഞതായി നരേന്ദ്ര മോഡി പ്രസ്താവിച്ചു. 2002ലെ ഗുജറാത്ത് കലാപങ്ങളിൽ തന്റെ പങ്കിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച സഞ്ജീവ് ഭട്ട് കോൺഗ്രസിന്റെ ചട്ടുകം മാത്രമായിരുന്നു എന്ന് ഇപ്പോൾ രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു എന്നും മോഡി പറഞ്ഞു.
എന്നാൽ താൻ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് തന്റെ ഭർത്താവ് സഞ്ജീവ് ഭട്ടിന്റെ പകരക്കാരി ആയിട്ടല്ല എന്ന് ശ്വേത മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ എതിർക്കുന്നത് വൈരാഗ്യവും അനീതിയും പ്രവർത്തന ശൈലികളാക്കിയ ഒരു ഭരണകൂടത്തെയാണ് എന്നും ശ്വേത വ്യക്തമാക്കി. ഗുജറാത്തിലെ ജനങ്ങൾ എന്നോടൊപ്പമാണ്. അവരുടെ ആകുലതകൾ എന്റേയും ആകുലതകളാണ്. അവ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് തനിക്ക് നന്നായി അറിയാം – ശ്വേത കൂട്ടിച്ചേർത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, തീവ്രവാദം, പോലീസ് അതിക്രമം, മനുഷ്യാവകാശം