സത്താര : “വേണ്ടാത്തവള്‍” എന്ന പേര് ഒരു ശാപമായി ഇത്രയും നാള്‍ പേറി നടന്ന 265 പെണ്‍കുട്ടികളാണ് മഹാരാഷ്ട്രയിലെ സത്താര ജില്ലയില്‍ ഉള്ളത്. ഇവരുടെ എല്ലാം പേര് “നക്കോഷി” എന്നായിരുന്നു ഇന്നലെ വരെ. നക്കോഷി എന്നാല്‍ വേണ്ടാത്തവള്‍. ജനിക്കുന്നതെല്ലാം പെണ്‍കുഞ്ഞുങ്ങള്‍ ആവുന്ന ഇവിടത്തെ മാതാപിതാക്കള്‍ സഹികെട്ടാണ് അവസാനം തങ്ങളുടെ മകള്‍ക്ക് നക്കോഷി എന്ന് പേരിടുന്നത്. ഇത് ദൈവത്തോട് ഉള്ള ഒരു പരാതിയായാണ് ഇവര്‍ കണക്കാക്കുന്നത്. ഇനിയും തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് വേണ്ട എന്ന പരാതി. ഇങ്ങനെ നക്കോഷി എന്ന് തങ്ങളുടെ പെണ്‍കുഞ്ഞിനെ നാമകരണം ചെയ്‌താല്‍ പിന്നീട് ജനിക്കുന്നത് ആണ്‍കുഞ്ഞ് ആയിരിക്കും എന്ന് ഇവര്‍ പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നുമുണ്ട്.
ഇത്തരത്തില്‍ നക്കോഷി എന്ന് പേരുള്ള കുട്ടികളുടെ എണ്ണം ജില്ലയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നത് ചില സാമൂഹ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇത്തരം കുട്ടികളുടെ കണക്കെടുപ്പ് നടത്തി. അപ്പോഴാണ് 265 കുട്ടികള്‍ ഈ പേരുമായി ഇവിടെ ഉണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടന്ന തീവ്രമായ ബോധവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ന് ഇത്തരം പെണ്‍കുട്ടികള്‍ക്ക് പുതിയ പേരുകള്‍ നല്‍കുന്നതിനും അവരെ ആദരിക്കുന്നതിനുമായി വമ്പിച്ച പൊതു പരിപാടി സംഘടിപ്പിച്ചത്. അങ്ങനെ നക്കോഷിമാര്‍ക്കൊക്കെ സോന, അനഘ, ഐശ്വര്യ, പ്രിയങ്ക എന്നിങ്ങനെ സുന്ദരമായ പേരുകള്‍ ലഭിച്ചു.
പേര് വേണ്ടാത്തവള്‍ എന്നാണെങ്കിലും മഹാരാഷ്ട്രാ സംസ്ഥാനത്തിന് പെണ്‍കുട്ടികളെ വേണം എന്നും സംസ്ഥാനം പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തുല്യമായാണ് കാണുന്നത് എന്നും പെണ്‍കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ച എന്‍.സി.പി. നേതാവും എം.പി.യുമായ സുപ്രിയാ സുലെ പറഞ്ഞു. പേര് മാറ്റല്‍ ചടങ്ങില്‍ മാത്രമായി ഒതുങ്ങാതെ ലിംഗ വിവേചനം സമൂലമായി ജന മനസ്സുകളില്‍ നിന്നും തുടച്ചു നീക്കണം എന്ന് ചടങ്ങില്‍ സംബന്ധിച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, മനുഷ്യാവകാശം, സ്ത്രീ വിമോചനം