
ന്യൂഡല്‍ഹി : 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ മല്‍സരത്തില്‍ പുതിയ റെക്കോഡും സ്ഥാപിച്ചു കൊണ്ട് ഇന്ത്യയുടെ ഷൂട്ടിംഗ് താരം ഗഗന്‍ നാരംഗ് നാലാമത് സ്വര്‍ണ്ണ മെഡല്‍ കൂടി നേടി. ഇതോടെ ഇന്ത്യ നേടിയ സ്വര്‍ണ്ണ മെഡലുകളുടെ എണ്ണം ശനിയാഴ്ച 24 ആയി.
സെന്റര്‍ ഫയര്‍ പിസ്റ്റല്‍ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയ് കുമാര്‍ ഹര്‍പ്രീത് സിംഗുമായുള്ള കൂട്ടുകെട്ടില്‍ തന്റെ മൂന്നാമത് സ്വര്‍ണ്ണം നേടി. ഇതോടെ ഷൂട്ടര്മാര്‍ നേടിയ സ്വര്‍ണ്ണത്തിന്റെ എണ്ണം 12 ആയി.
ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത്, നര്സിംഗ് പഞ്ചം യാദവ് എന്നിവര്‍ ഓരോ സ്വര്‍ണ്ണം വീതം നേടിയിട്ടുണ്ട്. വനിതകളുടെ ഫൈനലില്‍ സാനിയാ മിര്‍സ ഓസ്ട്രേലിയയുടെ അനസ്തെസിയ റോഡ്യോനോവയുമായി ധീരമായി പൊരുതിയെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
വനിതകളുടെ ഡബിള്‍സില്‍ പക്ഷെ സാനിയ – രുഷ്മി ചക്രവര്‍ത്തി കൂട്ടുകെട്ട് തോല്‍വി ഏറ്റു വാങ്ങി.
നടത്തത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ഇന്ത്യക്ക് ഒരു മെഡല്‍ ലഭിച്ചത് ഹര്മിന്ദര്‍ സിംഗിന് ലഭിച്ച വെങ്കലത്തോടെയാണ്. കവിതാ റാവത്തിനു ലഭിച്ച വെങ്കലം കൂടി കൂട്ടിയാല്‍ അത്ലറ്റിക്സില്‍ ഇന്ത്യക്ക് രണ്ടു മെഡല്‍ ആയി.







ന്യൂഡല്‍ഹി : സംഘാടകരുടെ കഴിവുകേട് കൊണ്ട് യഥാര്‍ത്ഥത്തില്‍ നഷ്ടം സംഭവിക്കുന്നത് കളിക്കാര്‍ക്കും കായിക പ്രേമികള്‍ക്കുമാണ് എന്ന് കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളെ പറ്റി പരാമര്‍ശിക്കവെ പി. ടി. ഉഷ അഭിപ്രായപ്പെട്ടു. ഗെയിംസിന്റെ നടത്തിപ്പ് കായിക പ്രേമികളും കളിക്കാരും അടങ്ങുന്ന സംഘത്തിനെയാണ് ഏല്‍പ്പിക്കേണ്ടത്. താന്‍ രാഷ്ട്രീയക്കാര്‍ക്ക് എതിരല്ല. എന്നാല്‍ അവര്‍ കായിക പ്രേമികള്‍ കൂടി ആയിരിക്കണം. അങ്ങനെയാവുമ്പോള്‍ ഇത് പോലെയുള്ള പ്രശ്നങ്ങള്‍ ഒരിക്കലും സംഭവിക്കില്ല എന്ന് താന്‍ കരുതുന്നു എന്നും ഉഷ പറഞ്ഞു.
























